ദോഹ-ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രശ്‌നക്കാരായ 1,300 ആരാധകരെ ഫിഫ 2022 ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്നത് വിലക്കുമെന്ന് യു.കെ ആഭ്യന്തര വകുപ്പ് അറിയിച്ചു.
ഇവര്‍ ഖത്തറില്‍ എത്താന്‍ ശ്രമിച്ചാല്‍ ആറ് മാസം തടവും പരിധിയില്ലാത്ത പിഴയും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 14ന് പ്രാബല്യത്തില്‍ വരുന്ന പുതിയ നടപടികള്‍ പ്രകാരം മുമ്പ് പ്രശ്‌നമുണ്ടാക്കിയവരെ ഫിഫ 2022 ലോകകപ്പിനായി ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
നിയമലംഘകരുടെ പെരുമാറ്റം ആവേശകരമായ ടൂര്‍ണമെന്റിനെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ പറഞ്ഞു.
ലോകകപ്പ് വേളയില്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അനുമതി വാങ്ങുകയും സമഗ്രമായ സ്‌ക്രീനിംഗിന് വിധേയനാകുകയും വേണം. കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനം എയര്‍പോര്‍ട്ടുകളിലുണ്ട്.
ഗള്‍ഫ് യാത്രയില്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള മുന്‍ കുറ്റവാളികളെ തടയാനും പോലീസിന് കഴിയും. ഇത്തരക്കാര്‍ ഖത്തറിലെത്താന്‍ ശ്രമിച്ച് പിടിക്കപ്പെട്ടാല്‍, 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ വാദം കേള്‍ക്കും.
ഖത്തറിലെ പോലീസും രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുമെന്നും 'അപകടമുണ്ടാക്കുന്നു' എന്ന് കരുതുന്ന ആരാധകര്‍ക്ക് യുകെയിലേക്ക് മടങ്ങുമ്പോള്‍ ഫുട്‌ബോള്‍ നിരോധന ഉത്തരവ് ലഭിക്കാമെന്നും ഖത്തറിലെ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിലെ ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റത്തിലുണ്ടായ വന്‍ വര്‍ധനയെ തുടര്‍ന്നാണ് ഈ നടപടികള്‍. ഫുട്‌ബോളുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ കഴിഞ്ഞ സീസണില്‍ ഏകദേശം 60 ശതമാനമാണ് വര്‍ദ്ധിച്ചത്.
കഴിഞ്ഞ സീസണില്‍ കളിച്ച 3,019 മത്സരങ്ങളില്‍ 1,609 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഹോം ഓഫീസിന്റെ സമീപകാല ഡാറ്റ വെളിപ്പെടുത്തുന്നു.
സ്ഥിതിവിവരക്കണക്കുകള്‍ ഉണ്ടായിരുന്നിട്ടും, ഖത്തറിലെ ലോകകപ്പില്‍ കളിക്കാന്‍ വെയില്‍സ് ഇംഗ്ലണ്ടിനൊപ്പം ചേര്‍ന്നെങ്കിലും, 2018 ലെ ലോകകപ്പിനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയ 1,200 ബ്രിട്ടീഷുകാരെക്കാളും ഖത്തറിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ആളുകളുടെ എണ്ണത്തില്‍ നാമമാതമായ വര്‍ധന മാത്രമാണുളളത്.
2014ല്‍ ബ്രസീലില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്ന് ഏകദേശം 2,200 ഇംഗ്ലണ്ട് അനുകൂലികളെ വിലക്കിയിരുന്നു, 2010 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയില്‍ നിന്ന് 3,200 പേരെ തടഞ്ഞു.