അബുദാബി - സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ബഹുസ്വരത അനിവാര്യമെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ബഹുസ്വരതയുടെ സൗന്ദര്യമാണ് ഇന്ത്യ ലോകത്തിനു സമ്മാനിച്ചത്. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച 'ബഹുസ്വരതയുടെ ലോകത്തെ ഇന്ത്യ' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സമദാനി.
ബഹുസ്വരതക്കു പേരുകേട്ട യു.എ.ഇയുമായി ഇന്ത്യക്കുള്ള ഉറ്റ സൗഹൃദത്തിന് സാംസ്‌കാരികമായ മാനങ്ങള്‍ ഏറെയുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിലും ഭാഷയിലും അറബി ഭാഷയുടെ സ്വാധീനമുണ്ട്. ഗാന്ധിജിയും ശൈഖ് സായിദും മഹാന്മാരായ രാഷ്ട്ര ശില്‍പികള്‍ മാത്രമായിരുന്നില്ല. അടങ്ങാത്ത മനുഷ്യത്വം ഉള്ളില്‍ സൂക്ഷിക്കുകയും പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്ത മഹത്തുക്കളായിരുന്നുവെന്നും സമദാനി പറഞ്ഞു.
ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് രേഖിന്‍ സോമന്‍, സമാജം ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ്, കൃഷ്ണകുമാര്‍ (കെ.എസ്.സി), ടി.കെ അബ്ദുല്‍സലാം (ഇസ്ലാമിക് സെന്റര്‍), വൈ.എ റഹീം (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍) അബ്ദുള്ള ഫാറൂഖി, ഷുക്കൂറലി കല്ലുങ്ങല്‍ (കെഎംസിസി), ഡോ. ജോസ് ജോണ്‍, യേശുശീലന്‍, കെ.എച്ച് താഹിര്‍, ജോണ്‍ സാമുവല്‍, സലിം ചിറക്കല്‍, പി.ടി റഫീഖ്, അജാസ് അപ്പാടത്ത്, മനു കൈനകരി എന്നിവര്‍ പസംഗിച്ചു.