ആലുവ- കോളേജിൽനിന്ന് വിദ്യാർഥികളെയുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി. എടത്തല എം.ഇ.എസ്. കോളേജിൽനിന്ന് പുറപ്പെട്ട എക്‌സ്‌പ്ലോഡ്' എ്ന്ന കരിവീരൻ ബസാണ് വാഴക്കുളത്തു വെച്ച് ആലുവ ജോയിന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്.
അടിയന്തര പരിശോധനയിൽ ബസിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് യാത്ര മുടക്കി ബസ് പിടിച്ചെടുത്തത്. ബസിന്റെ ബോഡിയുടെ നിറം മാറ്റിയെന്നും അനധികൃത കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും നിയമവിധേയമല്ലാത്ത ലൈറ്റുകളും ഉയർന്ന ശബ്ദസംവിധാനവും പിടിപ്പിച്ചിരുന്നു എന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ബസ് കസ്റ്റഡിയിലെടുത്തതോടെ വിദ്യാർഥികളുടെ യാത്ര മുടങ്ങി. കൊടൈക്കനാലിലേക്കായിരുന്നു യാത്ര. കോളേജിൽനിന്ന് യാത്ര ആരംഭിച്ചതിനു പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ എത്തി ബസ് പിടിച്ചത്.
വിനോദയാത്ര പോകുന്നതിന് മുൻപായി വാഹനങ്ങളുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകണമെന്ന് കോളേജിൽ അറിയിച്ചിരുന്നു. വാഹനം പരിശോധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ അനുമതി തേടണമെന്നും അറിയിച്ചിരുന്നു. അങ്ങനെ നടത്തിയ അടിയന്തര പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.