ദോഹ- കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതോടെ കേന്ദ്രത്തിലെ ബി.ജെ.പി ഭരണം അവസാനിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്രയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര.
തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ആയുധമായി മാറുന്നത് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോണ്‍ഗ്രസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വര്‍ഗീയതയെ മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ക്കുന്നെന്നും തീവ്രവാദ അനുകൂല സംഘടനകളും വ്യക്തികളുമായും ഒരു ഒത്തുതീര്‍പ്പിനും പാര്‍ട്ടി ഇല്ല. സംഘപരിവാറിന്റെ ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ബി.ജെ.പിക്കെതിരെ സംസ്ഥാനങ്ങളില്‍ ബദല്‍ വരുന്നതോടെ ദേശീയ തലത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.