റിയാദ് - നിരവധി രാജ്യങ്ങളിലെ സേനാവിഭാഗങ്ങളെ പങ്കെടുപ്പിച്ച് നടക്കുന്ന വൻ സൈനികാഭ്യാസ പ്രകടനങ്ങളിൽ ഭാഗഭാക്കാവുന്നതിന് സൗദി സൈന്യം തുർക്കിയിലെത്തി. ഇസ്മീർ നഗരത്തിൽ സൈന്യത്തെ സ്വീകരിക്കാൻ അങ്കാറയിലെ സൗദി എംബസിയിലെ മിലിറ്ററി അറ്റാഷെ, റിയർ അഡ്മിറൽ പൈലറ്റ് ഖാലിദ് ബിൻ ഹുസൈൻ അൽഅസ്സാഫ്, കോമ്രേഡ് അബ്ദുല്ല ബിൻ മുഹമ്മദ് അൽദിറയ്ബി എന്നിവർ സ്വീകരിച്ചു. 'ഇ.എഫ്.ഇ.എസ് 2018'എന്ന പേരിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസ പ്രകടനം പങ്കെടുക്കുന്ന സൈനികരുടെ എണ്ണം കൊണ്ടും പരിശീലന മുറകളുടെ വൈവിധ്യം കൊണ്ടും ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഖാലിദ് ബിൻ ഹുസൈൻ അൽഅസ്സാഫ് പറഞ്ഞു. സൗദിയുടെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. സഖ്യരാജ്യങ്ങൾ തമ്മിൽ സൈനിക നിപുണി കൈമാറുക, വിത്യസ്ത സാഹചര്യങ്ങളെ നേരിടുന്നതിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ പരിശീലിക്കുക, സൈനികസഹകരണവും യുദ്ധശേഷിയും വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് അഭ്യാസപ്രകടനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അബ്ദുല്ല മുഹമ്മദ് അൽദിറയ്ബി വ്യക്തമാക്കി.