ദുബായ് - ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പുതിയ ഫെഡറല്‍ നിയമം അനുസരിച്ച് യു.എ.ഇയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കും. നിയമവിരുദ്ധമായി ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്ന വ്യക്തികളില്‍നിന്ന് കുറഞ്ഞത് 50,000 ദിര്‍ഹം മുതല്‍ 200,000 ദിര്‍ഹം വരെ പിഴ ചുമത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി നല്‍കിയിട്ടുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്താലോ 18 വയസ്സിന് താഴെയുള്ള തൊഴിലാളിയെ നിയമിച്ചലോ ഈ പിഴ നേരിടാം.
ഫെഡറല്‍ നിയമം നമ്പര്‍ 9 വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പറഞ്ഞു. സെപ്റ്റംബര്‍ 9 ന് പുറപ്പെടുവിച്ച നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. ഇത് ഗാര്‍ഹിക തൊഴില്‍ നിയമത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നു.