Sorry, you need to enable JavaScript to visit this website.

'ഖിദിയ' പദ്ധതി 57,000 പേർക്ക്  തൊഴിൽ ലഭ്യമാക്കുന്ന ബൃഹത് സംരംഭം

സൗദിയിലെ വൻ സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ നഗരിയായ ഖിദിയ പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശിലാസ്ഥാപനം നിർവഹിക്കുന്നു. 

റിയാദ് - ശനിയാഴ്ച രാത്രി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശിലാസ്ഥാപനം നിർവഹിച്ച ഖിദിയ പദ്ധതി 2030 ഓടെ 57,000 പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. റിയാദിന് പടിഞ്ഞാറിന് 40 കിലോമീറ്റർ ദൂരെ ഖിദിയ ഏരിയയിൽ സൗദിയിലെ ഏറ്റവും വലിയ സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ നഗരിക്കാണ് രാജാവ് ശിലയിട്ടത്. 
പ്രൗഢമായ ചടങ്ങിൽ പ്രാദേശിക, ലോക നേതാക്കളും വൻകിട കമ്പനി പ്രതിനിധികളും ഉൾപ്പെടെ 300 ഓളം വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. 12 ശതമാനം ആഭ്യന്തര പങ്കാളിത്തത്തോടെയാണ് യാഥാർഥ്യമാകുക എന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. 2022 ൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. യുവാക്കളെ ആകർഷിക്കുന്ന വിനോദ കേന്ദ്രങ്ങൾ ഖിദിയ പദ്ധതി ലഭ്യമാക്കും.
സഫാരി പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, കാറോട്ട വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനകരമായ സാംസ്‌കാരിക, വിദ്യാഭ്യാസ കലാപരിപാടികൾ എന്നിവ പദ്ധതിയിൽ ഉൾക്കൊള്ളും.  
ടൂറിസം, വിനോദ ആവശ്യങ്ങൾക്ക് സൗദികൾ പ്രതിവർഷം വിദേശങ്ങളിൽ ചെലവഴിക്കുന്ന തുകയിൽ 3,000 കോടി ഡോളർ ലാഭിക്കുന്നതിന് പദ്ധതി സഹായകമാകും. ധനവിനിയോഗത്തിലെ ഈ ലാഭം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് പ്രയോജനപ്പെടും. 334 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് ഖിദിയ പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ ലോകത്തെ തന്നെ ആദ്യ പദ്ധതിയാണിത്. 
അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുന്നതിന് ലോക പ്രശസ്തമായ അമേരിക്കൻ കമ്പനിയായ സിക്‌സ് ഫഌഗ്‌സുമായി കിരീടാവകാശിയുടെ സന്ദർശനത്തിനിടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കരാർ ഒപ്പിട്ടിരുന്നു. 
രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്ന ലോകോത്തര സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ കേന്ദ്രമായി ഖിദിയ പദ്ധതിയെ മാറ്റുന്നതിനാണ് ശ്രമം. സൗദി സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്ന ഖിദിയ പദ്ധതി, സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും സഹായിക്കും. 

 

 

Latest News