Sorry, you need to enable JavaScript to visit this website.

സൗദിയുടെ സുരക്ഷ  പരമ പ്രധാനം  -മൈക്ക് പോംപിയോകാപ്

സൗദി അമേരിക്കൻ വിദേശ മന്ത്രിമാർ സംയുക്ത വാർത്താസമ്മേളനത്തിൽ 

റിയാദ് - യെമനിൽ വർഷങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം വേണമെന്ന നിർദേശത്തോട് പൂർണമായും യോജിക്കുന്നതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. യെമനിൽ രാഷ്ട്രീയ പരിഹാരം മാത്രമാണ് തർക്കങ്ങളും ശത്രുതയും അവസാനിപ്പിക്കാനുള്ള ഏക പോംവഴി. ഇതിനായി ഐക്യരാഷ്ട്ര സഭ നിയമിച്ച പ്രതിനിധി കഠിനമായി പ്രയത്‌നിക്കുന്നുണ്ട്. എന്നാൽ ഭീകര സംഘങ്ങളായ അൽഖാഇദയും ഐ.എസും ഈ നീക്കം ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ മൈക്ക് പോംപിയോ സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽജുബൈറിനൊപ്പം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. 
ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ സൗദിയുടെ സുരക്ഷ അമേരിക്കയെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇതിന് തുരങ്കം വെക്കുന്നതിന് പിന്നിൽ ഇറാന് പങ്കുണ്ട്. നിരപരാധികളായ സിറിയൻ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ബശാർ അൽഅസദിനെയും ഇറാൻ പിന്തുണക്കുന്നു.
യെമനിൽ ഹൂത്തി മിലീഷ്യകൾക്ക് ആയുധം നൽകുന്ന ഏജൻസിയായി ഇറാൻ പ്രവർത്തിക്കുന്നു. കൂടാതെ ഹൂത്തികൾക്ക് സാമ്പത്തിക സഹായവും സൈനിക പരിശീലനവും ലഭ്യമാക്കുന്നുണ്ട്. സൈബർ ചാരവൃത്തിയും ഇറാൻ നടത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് സൗദിയിലേക്ക് നടത്തിയ സന്ദർശനം ചരിത്രപരമായിരുന്നുവെന്നും മൈക്ക് പോംപിയോ വിലയിരുത്തി. 
അമേരിക്കയുമായി സൈനികം, സുരക്ഷ, വാണിജ്യം തുടങ്ങി നിരവധി മേഖലകളിൽ നിലനിൽക്കുന്ന സൗഹൃദം പൂർവാധികം ശക്തമായി തുടരുമെന്ന് സൗദി വിദേശമന്ത്രി ആദിൽ ജുബൈർ പ്രസ്താവിച്ചു. ലെബനോൻ, സിറിയ, ഇറാഖ് തുടങ്ങി അറബ് മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ചെറുക്കും. ഇറാനുമായുള്ള ആണവ കരാർ പുതുക്കുന്നതിനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് സൗദി പൂർണ പിന്തുണ നൽകും. ഇറാന് സൂക്ഷിക്കാവുന്ന യുറേനിയത്തിന് പരിധി നിശ്ചയിക്കൽ അത്യാവശ്യമാണ്. ഇറാനിലെ ആണവ റിയാക്ടറുകൾ പരിശോധിക്കലും നിർബന്ധമാണെന്ന് ആദിൽ ജുബൈർ പറഞ്ഞു. അന്താരാഷ്ട്ര നയതന്ത്ര ബന്ധം പാലിക്കാൻ തയാറാകാത്ത ഇറാന് എതിരെ നടപടി സ്വീകരിക്കേണ്ടതുണ്ട്. മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാന്റെ അനാവശ്യ ഇടപെടലാണ്. ഭീകരർക്ക് ബാലിസ്റ്റിക് മിസൈലുകൾ അടക്കം നൽകുന്നതും മറ്റാരുമല്ല. മറ്റു വിഷയങ്ങളും വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി ഉഭയകക്ഷി ബന്ധം സുദൃഢമാക്കുമെന്ന് മൈക്ക് പോംപിയോ പറഞ്ഞു. സൗദി അറേബ്യ തങ്ങൾക്ക് പ്രധാന പങ്കാളിയും വർഷങ്ങളായുള്ള സുഹൃദ് രാജ്യവുമാണ്. ഹൃദ്യമായ സ്വീകരണം നൽകിയതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. കിരീടാവകാശി ഈയിടെ നടത്തിയ അമേരിക്കൻ സന്ദർശനത്തിന്റെ തുടർച്ചയായാണ് തന്റെ വരവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Latest News