അബുദാബി- യു.എ.ഇയില്‍ തൊഴില്‍ കരാര്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തി അധികൃതര്‍. സ്വകാര്യ മേഖലയില്‍ തൊഴില്‍ കരാര്‍ കാലാവധിയായി നിശ്ചയിച്ചിരുന്ന പരമാവധി കാലാവധി മൂന്നു വര്‍ഷമെന്നത് ഒഴിവാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണപ്രകാരം നിശ്ചിത കാലത്തേക്ക് തൊഴില്‍ കരാറുണ്ടാക്കാം എന്നാല്‍ പരമാവധി പരിധി സര്‍ക്കാര്‍ നിശ്ചയിക്കില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെ പരമാവധി മൂന്ന് വര്‍ഷത്തേക്കായിരുന്നു സ്വകാര്യ മേഖലയില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തൊഴില്‍ കരാര്‍ സാധ്യമായിരുന്നത്. എന്നാല്‍ ഭേദഗതി അനുസരിച്ച് മൂന്ന് വര്‍ഷം എന്നതിന് പകരം ദീര്‍ഘകാലത്തേക്ക് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പര ധാരണയോടെ കരാറുണ്ടാക്കാം. എന്നാല്‍ പുതുക്കാന്‍ കഴിയുന്ന നിശ്ചിത കാലത്തേക്കാണ് കരാറുണ്ടാക്കേണ്ടത് എന്ന് വ്യവസ്ഥയുണ്ട്.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഈ ഭേദഗതി ബാധകമല്ല. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിന് കീഴിലെ കമ്പനികള്‍ക്ക് പുതിയ മാറ്റം ബാധകമായിരിക്കില്ല.
ഫെബ്രൂവരിയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമപ്രകാരം നേരത്തെ യുഎഇയിലുണ്ടായിരുന്ന അനിശ്ചിത കാല തൊഴില്‍ കരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എല്ലാ തൊഴില്‍ കരാറുകളും പരമാവധി മൂന്ന് വര്‍ഷമോ അതിന് താഴെയോ കാലാവധിയുള്ളതായിരിക്കണമെന്നാക്കി മാറ്റിയിരുന്നു. ഈ പരമാവധി കാലപരിധിയാണ് മന്ത്രാലയം ഇപ്പോള്‍ ഒഴിക്കായിരിക്കുന്നത്.