കൊച്ചി- പതഞ്ജലിയുടെ ആലുവ പാനായിക്കുളത്തുള്ള ഗോഡൗണിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ റെയ്ഡിൽ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ സാധനങ്ങൾ ഇവിടെ വീണ്ടും റീപാക്ക് ചെയ്യുന്നു എന്ന പരാതിയെ തുടർന്നാണ് റെയ്ഡ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പാനായിക്കുളത്ത് ഗോഡൗൺ പ്രവർത്തിക്കുന്നത്.
ഇവിടെ നിന്നും കാലാവധി കഴിഞ്ഞ ചില ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു. എന്നാൽ ഡൽഹിയിലേക്ക് തിരിച്ച് അയയ്ക്കാനാണ് കാലാവധി കഴിഞ്ഞ സാധനങ്ങൾ സൂക്ഷിച്ചതെന്നാണ് ഗോഡൗണിലെ ജീവനക്കാരുടെ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനിടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് വിറ്റ സംഭവത്തിൽ കൊച്ചി മരടിലെ കമ്പനി ഉടമകളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.