മൂന്നാറില്‍ കുടുങ്ങിയ കടുവയെ പെരിയാര്‍ വനത്തില്‍ വിട്ടു (ചിത്രം)ഇടുക്കി- മൂന്നാറില്‍ 10 പശുക്കളെ കൊന്ന് ഭീതി പരത്തിയതിന് വനം വകുപ്പ് കെണിയിലാക്കിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു. തേക്കടിയില്‍ നിന്ന് 35 കി. മീ അകലെ ഉള്‍വനത്തിലാണ് കടുവയെ തുറന്ന് വിട്ടത്. ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലെ വനം വകുപ്പ് കേന്ദ്രത്തില്‍ നിന്ന് ലോറിയില്‍ കയറ്റി ഇവിടെ എത്തിച്ച ശേഷം ട്രാക്ടറിലേക്ക് മാറ്റിയാണ് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയത്. കൂട് തുറന്നപ്പോള്‍ സാവധാനം പുറത്തിറങ്ങി കടുവ നടന്ന് അകലുകയായിരുന്നു.
ഇത് പെണ്‍കടുവയാണെന്നാണ് വനംവകുപ്പ് അറിയിച്ചതെങ്കിലും വിശദമായ പരിശോധനയില്‍ ആണ്‍ കടുവയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 9 വയസ് പ്രായവും 250ല്‍ അധികം കിലോ ഭാരവുമുള്ള കടുവക്ക് ഇടത് കണ്ണിന് കാഴ്ചക്കുറവ് കണ്ടെത്തിയിരുന്നു.ആദ്യം തിമിരമാണെന്നാണ് സൂചന വന്നതെങ്കിലും ഇത് മറ്റൊരു കടുവയുമായുണ്ടായ സംഘട്ടനത്തില്‍ പറ്റിയതാണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.
നയമക്കാട് എസ്റ്റേറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കടുവ കെണിയില്‍പ്പെട്ടത്. ഏതെങ്കിലും വന്യജീവി പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കുവാനായിരുന്നു ആദ്യ തീരുമാനം. ഇതിന്റെ ഭാഗമായി ആറംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയാണ് കടുവക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഉള്‍വനത്തിലേക്ക് മാറ്റിയാല്‍ ഇരതേടി ജീവിക്കാനാകുമെന്നുമുള്ള തീരുമാനം പരിശോധനക്ക് ശേഷം എടുത്തത്. ചലനം നിരീക്ഷിക്കുന്നതിനായി കഴുത്തില്‍ റേഡിയോ കോളര്‍ അടങ്ങിയ ബെല്‍റ്റ് സ്ഥാപിച്ച ശേഷമാണ് തുറന്നുവിട്ടത്.