Sorry, you need to enable JavaScript to visit this website.

1200 കോടിയുടെ ഹെറോയിന്‍ എത്തിയത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി, ലക്ഷ്യം ഇന്ത്യന്‍ വിപണി

കൊച്ചി-കൊച്ചിയുടെ പുറംകടലില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഇറാന്‍ ബോട്ടില്‍നിന്ന് പിടികൂടിയ 1200 കോടി രൂപയുടെ ഹെറോയിന്‍ എത്തിയത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പാക്കിസ്ഥാന്‍ വഴി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയാണ് ഇറാനിയന്‍ ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന്‍ കടത്തിക്കൊണ്ടുവന്നതെന്ന് നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) സഞ്ജയ് കുമാര്‍ സിംഗ് വാര്‍ത്താസസമ്മേളനത്തില്‍ അറിയിച്ചു. ചില പായ്ക്കറ്റുകളില്‍ തേളിന്റെയും മറ്റ് ചില പായ്കറ്റുകളില്‍ ഡ്രാഗണിന്റെയും ചിഹ്ന്ങ്ങള്‍ മുദ്രണം ചെയ്തിരുന്നു. ഇത് പാക്ക് - അഫ്ഗാന്‍ ലഹരി സംഘങ്ങളുടെ അടയാളമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലെ ഒരു തുറമുഖത്തെത്തിച്ച മയക്കുമരുന്നു ശേഖരം അവിടെ നിന്ന് ഒരു പാകിസ്ഥാന്‍ ബോട്ടില്‍ കയറ്റി കടലില്‍ വെച്ച് ഇറാനിയന്‍ ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഒരു ശ്രീലങ്കന്‍ ബോട്ടിന് ഇവ കൈമാറാനായിരുന്നു പദ്ധതി. എന്നാല്‍ അതിന് മുമ്പ് നാവിക സേനയുടെ സഹായത്തോടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇറാന്‍ ബോട്ട് തടഞ്ഞ് മയക്കുമരുന്നു  പിടികൂടിയതോടെ ശ്രീലങ്കന്‍ ബോട്ട് രക്ഷപ്പെട്ടു. ഈ ബോട്ടിനെ കണ്ടെത്താന്‍ നാവിക സേന തീവ്രശ്രമം നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് സഞ്ജയ് കുമാര്‍ സിംഗ് പറഞ്ഞു. ശ്രീലങ്കന്‍ ബോട്ട് ഇത് വാങ്ങിയ ശേഷം എവിടേക്ക് എത്തിക്കാനാണ് പ്ലാന്‍ ചെയ്തിരുന്നതെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. വാങ്ങുകയും കൊടുക്കുകയും ചെയ്തവരെക്കുറിച്ചല്ലാതെ ശൃംഖലയിലെ മറ്റ് കണ്ണികളെക്കുറിച്ച് അറിയില്ലെന്നാണ് ഇവര്‍ നല്‍കുന്ന മൊഴി. എന്നാല്‍ ലക്ഷ്യം ഇന്ത്യ തന്നെയാണെന്നാണ് എന്‍ സി ബിക്ക് ലഭിക്കുന്ന വിവരങ്ങള്‍. ശ്രീലങ്ക ലഹരി കടത്തിന്റെ പ്രാധാന ഇടത്താവളമാണ്. അഫ്ഗാനില്‍ നിന്നുള്ള ഹെറോയിന്‍ അറബിക്കടലിലൂടെയും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരുന്ന് അടുത്ത കാലത്തായി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മറ്റ് രാജ്യങ്ങളും ഇവരുടെ ലക്ഷ്യസ്ഥാനങ്ങളാണ്. ദേശസുരക്ഷക്ക് തന്നെ ഭീഷണിയായ ഈ ശൃംഖലയെ തകര്‍ക്കുന്നതിനായി നാവിക സേനയുമായി ചേര്‍ന്ന് നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് 1200 കോടിയുടെ ഹെറോയിന്‍ പിടികൂടാന്‍ സാധിച്ചതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കുന്നു.
ഏഴ് ലെയറുകളുള്ള വാട്ടര്‍ പ്രൂഫ് പാക്കറ്റുകളിലാണ് 200 പാക്കറ്റുകളിലാക്കിയായിരുന്നു 200 കിലോ വീര്യം കൂടിയ ഹെറോയിന്‍. സാറ്റലെറ്റ് ഫോണ്‍ സന്ദേശം ചോര്‍ത്തിയാണ് ഇന്ത്യന്‍ എജന്‍സികള്‍ ലഹരി കടത്ത് സംഘത്തെ വലയിലാക്കിയത്. ശ്രീലങ്ക കേന്ദ്രീകരിച്ചാണ് ലഹരി കടത്ത്. ലഹരിയുമായി കടല്‍ വഴിയെത്തുന്ന ബോട്ടുകള്‍ക്ക് സാറ്റലെറ്റ് ഫോണ്‍ സന്ദേശം നല്‍കി ലഹരി കൈമാറുന്നതാണ് രീതി. ഇതിനായി പ്രത്യേക കോഡ് ഉപയോഗിക്കുന്നുണ്ട്.
പിടി കൂടിയ ഹെറോയിന്‍ ലാബ് ടെസ്റ്റിനായി അയച്ചിരിക്കയാണ്.ബോട്ടില്‍ നിന്ന് പിടികൂടിയ ഇറാന്‍ പൗരന്‍മാരായ ബ്ദുള്‍ നാസര്‍,റഷീദ്, അബ്ദുള്‍ നൗഷാദി,ജൂനൈദ്,അബ്ദുള്‍ ഘനി,നൗഷാദ് അലി എന്നിവരെ നര്‍ക്കോട്ടിക് ബ്യൂറോ ഉന്നത ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രത്യേക സംഘവുംം കൊച്ചിയിലെത്തി വിശദമായി ചോദ്യം ചെയ്തു. വിശദമായ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം എന്‍.ഐ.എ യും കേസ് അന്വേഷണം ഏറ്റെടുക്കാനാണ് സാധ്യത.2015ല്‍ സമാനമായ രീതിയില്‍ കേരള തീരത്ത് നിന്ന് ലഹരി കടത്തുന്ന ഇറാനിയന്‍ ബോട്ടും 12 പൗരന്മാരെയും കോസ്റ്റ് ഗാര്‍ഡ് സംഘം പിടി കൂടിയിരുന്നു.

 

Latest News