കൊല്ലം- കൊല്ലത്ത് ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയ സ്ത്രീക്കും കുഞ്ഞിനും ഇരുപത് മണിക്കൂറിന് ശേഷം നീതി. സിഡബ്ല്യുസി ജില്ലാ ചെയര്‍മാനും വനിതാ കമ്മിഷന്‍ അംഗവുമായ ഷാഹിദ് കമാല്‍ ഭര്‍തൃവീട്ടുകാരുമായി ചര്‍ച്ച നടത്തി.
അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളില്‍ കഴിയാന്‍ ഭര്‍തൃമാതാവ് അനുവദിച്ചതായി ഷാഹിദ കമാല്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും അറിയിച്ചു. അതുല്യയുടേതിന് സമാനമായ അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകള്‍ വിമിയും രംഗത്തെത്തി. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അതുല്യയും മകനും രാത്രി വീട്ടിലെ സിറ്റ് ഔട്ടിലാണ് ചെലവഴിച്ചത്. വീട്ടില്‍ നിന്ന് ഇറക്കിവിട്ടതില്‍ നാട്ടുകാര്‍ പ്രകോപിതരായതോടെയാണ് പോലീസ് ഇടപെട്ടത്. എന്നിട്ടും ഭര്‍തൃമാതാവ് അതുല്യയെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ജനപ്രതിനിധികളും പോലീസും വളരെയധികം പരിശ്രമിച്ചാണ് വീടിന്റെ വാതില്‍ തുറന്നത്. ഒരേ സ്ഥലത്ത് രണ്ട് വീടുകളുണ്ട്. ഭര്‍തൃമാതാവ് അജിതകുമാരിയെ പഴയ വീട്ടിലേക്ക് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. അതുല്യയുടെ ഭര്‍ത്താവ് പ്രതീഷ് ലാല്‍ ഗുജറാത്തിലാണ്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിന്റെ തുടര്‍ച്ചയായാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് അതുല്യ പറഞ്ഞു.