കൽപറ്റ- വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ വനം വകുപ്പ് അന്യായമായി കൈവശപ്പെടുത്തിയ 12 ഏക്കർ കൃഷിഭൂമി തിരികെ കിട്ടുന്നതിനായി കാഞ്ഞിരത്തിനാൽ പരേതരായ ജോർജ്-ഏലിക്കുട്ടി ദമ്പതികളുടെ മകൾ ട്രീസയുടെ ഭർത്താവ് തൊട്ടിൽപ്പാലം കട്ടക്കയം ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം മെയ് 10നു ആയിരം ദിവസം തികയുന്നു. 2015 ഓഗസ്റ്റ് 15നായിരുന്നു സമരത്തിനു തുടക്കം. കാഞ്ഞിരങ്ങാട് വില്ലേജിൽ വനം വകുപ്പ് പിടിച്ചെടുത്തത് കാഞ്ഞിരത്തിനാൽ കുടുംബം 1967ൽ വിലയ്ക്കുവാങ്ങിയ കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിട്ടും കാഞ്ഞിരത്തിനാൽ കുടുംബത്തിനു നീതി വൈകുന്നതിനെതിരെ ബഹുജന പ്രക്ഷോഭവും ശക്തിപ്രാപിക്കുകയാണ്. കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്‌നത്തിൽ സമൂഹമനഃസാക്ഷി ഉണർത്തുന്നതിനു സമരസഹായ സമിതിയുടെ നേതൃത്വത്തിൽ വാഹനപ്രചാരണജാഥ നടന്നുവരികയാണ്. വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ പര്യടനം പൂർത്തിയാക്കിയ ജാഥ ഇന്ന് ബത്തേരി താലൂക്കിലെ പര്യടനത്തോടെ സമാപിക്കും. മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരിൽ രാവിലെ ഒമ്പതിനാണ് ഇന്നത്തെ ജാഥാപര്യടനത്തിനു തുടക്കം. വൈകുന്നേരം ബത്തേരി സ്വതന്ത്രമൈതാനിയിലാണ് സമാപനം.
കാഞ്ഞിരത്തിനാൽ കുടുംബാംഗത്തിന്റെ സത്യഗ്രഹം ആയിരം ദിവസം തികയുന്ന ദിവസം ഉച്ചയോടെ കലക്ടറേറ്റ് പടിക്കൽ എത്തുന്ന വിധത്തിൽ സമരസഹായ സമിതി ജനകീയ മാർച്ചും ആസൂത്രണം ചെയ്തിട്ടുണ്ട്. കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ട ഭൂമിയിൽനിന്നു മെയ് എട്ടിനു രാവിലെ ഒമ്പതിനാണ് ജനകീയമാർച്ചിനു തുടക്കം. അന്നു വൈകുന്നേരം മാനന്തവാടി ഗാന്ധിപാർക്കിൽ സമാപിക്കും. പിറ്റേന്നു രാവിലെ മാനന്തവാടിയിൽ ആരംഭിക്കുന്ന മാർച്ച് വൈകുന്നേരം കമ്പളക്കാട് ടൗണിൽ സമാപിക്കും. 10നു രാവിലെ 11നാണ് കമ്പളക്കാടുനിന്നു കലക്ടറേറ്റ് പടിക്കലേക്ക് മാർച്ച്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലുണ്ട്.
ജനകീയ മാർച്ചിനു ഇൻഫാം, ഹരിതസേന, ഫാർമേസ് റിലീഫ് ഫോറം, ആം ആദ്മി പാർട്ടി, കെ.സി.വൈ.എം, എം.സി.വൈ.എം തുടങ്ങിയ പ്രസ്ഥാനങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായി സമരസഹായ സമിതി കൺവീനർ പി.പി. ഷൈജൽ പറഞ്ഞു. മാർച്ചിൽ കൺവീനർക്കു പുറമേ ചെയർമാൻ സുരേഷ്ബാബു, വൈസ് ചെയർമാൻമാരായ ജോസഫ് വളവനാൽ, ബോസ് വട്ടമറ്റം, ട്രഷറർ പി.ടി. പ്രേമാനന്ദൻ എന്നിവരടക്കം 50 സ്ഥിരാംഗങ്ങൾ ഉണ്ടാകും. മെയ് 10നു കമ്പളക്കാട് ആരംഭിക്കുന്ന മാർച്ചിൽ അയ്യായിരത്തിൽപ്പരം ആളുകൾ അണിനിരക്കും.