കൊച്ചി- നീണ്ട 14വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച മകന്‍ നഷ്ടമായതിന്റെ വേദനയിലാണ് തോമസും മേരിയും. വടക്കഞ്ചേരി ബസപകടത്തില്‍ മരിച്ച വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ക്രിസ് വിന്റര്‍ബോണ്‍ തോമസ് മുളന്തുരുത്തി തുരുത്തിക്കര കോട്ടയില്‍ തോമസ്- മേരി ദമ്പതികളുടെ ഏക മകനാണ്.കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് ദീര്‍ഘകാലത്തെ ചികിത്സയ്ക്കുശേഷമാണ് മകന്‍ ജനിച്ചത്. 15ാം പിറന്നാള്‍ ആഘോഷിക്കാന്‍ കൃത്യം ഒരു മാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത വിയോഗം. പഠനത്തോടൊപ്പം കളികളിലും മികവ് തെളിയിച്ച ക്രിസ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. അവന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ എല്ലാവരും ദു:ഖമടക്കാനാവാതെ വിങ്ങിപ്പൊട്ടി.