പെരിന്തൽമണ്ണ- സ്‌നേഹത്തിന്‍റെ ഊഷ്മളത നഷ്ടമാകുന്ന ഒരു കാലത്താണ് ആലിക്കുട്ടി മുസ്ലിയാരുടെയും കാർത്തികിന്‍റെയും ബന്ധത്തിന്‍റെ ആഴത്തിന് പ്രസക്തിയുള്ളത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും കാർത്തികും തമ്മിലുള്ള ബന്ധത്തിന് പതിനാലുവർഷത്തെ ആഴമുണ്ട്. ആലിക്കുട്ടി മുസ്ലിയാരുടെ സന്തത സഹചാരിയാണ് കാർത്തി. ആലിക്കുട്ടി മുസ്ലിയാരുടെ യാത്രകളിലെല്ലാം കാര്‍ത്തി തന്നെയാണ് കൂട്ട്. പള്ളികളിലേക്കുള്ള യാത്രയിലും ഉസ്താദിന്‍റെ കൈപിടിക്കാന്‍ താന്‍ തന്നെ വേണമെന്ന നിര്‍ബന്ധവും കാര്‍ത്തിക്കുണ്ട്.
കാർത്തികും ആലി മുസ്ലിയാരും തമ്മിലുള്ള ബന്ധത്തെ പറ്റി സിയാവുദ്ദീൻ ഫൈസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വീണ്ടുമൊരു 'മമ്പുറം തങ്ങളും കോന്തുനായരും':
ഇവിടെയിതാ മറ്റൊരു 'മമ്പുറം തങ്ങളും കോന്തു നായരും'. ഇത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി ഉസ്താദും തന്‍റെ സന്തത സഹചാരി കാർത്തികും. മതസൗഹാർദം പ്രകടിപ്പിക്കാൻ സൃഷ്ടിച്ചെടുത്ത താൽക്കാലിക ബന്ധമല്ല; മറിച്ച് കഴിഞ്ഞ പതിനാല് വർഷമായി ആലിക്കുട്ടി ഉസ്താദിന്‍റെ വീട്ടിലെ ഒരംഗമാണ് തമിഴ്‌നാട് സ്വദേശി കാർത്തിക്. 'മോനേ' എന്ന ഉസ്താദിന്‍റെ വിളിയിൽ യശോധരന്‍റെയും ലക്ഷ്മിയുടെയും മകൻ കാർത്തിക്, ഉസ്താദിന്‍റെ സ്വന്തം മോനാകുന്നു. കാർത്തികിന്‍റെ പ്രിയപ്പെട്ട 'കാക്കുപ്പ'യാണ് ഉസ്താദ്. ഉസ്താദിന്‍റെ ഓരോ ഉയർച്ചയിലും മനസ്സറിഞ്ഞ് സന്തോഷിക്കുന്ന സഹായി. എല്ലാ സുഖദു:ഖങ്ങളും നെഞ്ചേറ്റുന്നവൻ.
നിത്യവും ഉസ്താദിനെ മഗ്‌രിബ് നിസ്‌കാരത്തിന് പള്ളിയിലെത്തിക്കൽ കാർത്തികിന് പുണ്യ പ്രവൃത്തിയാണ്. പല യാത്രകളിലും കാർത്തികാണ് ഡ്രൈവർ. ആശുപത്രിയിലാകുമ്പോൾ പരിചരിക്കാൻ കാർത്തിക് ഒപ്പമുണ്ടാകും. മരുന്നെടുത്ത് കൊടുക്കുന്നതും വെള്ളം കൊടുക്കുന്നതും പലപ്പോഴും കാർത്തിയാണ്. ഉസ്താദിന്റെ സ്‌നേഹവും ലാളനയും ആവോളം ലഭിക്കുന്ന കാർത്തിക് ഞങ്ങൾ വീട്ടുകാരെല്ലാവരുടെയും പ്രിയപ്പെട്ട 'കാർത്തി'യാണ്. ഉസ്താദിന്‍റെ വീട്ടിലെ ഏറെക്കുറെ കാര്യങ്ങൾ നോക്കി നടത്തുന്നത് കാർത്തി തന്നെ. വീട്ടിലെ കല്യാണങ്ങളിലും സൽക്കാരങ്ങളിലും നിറസാന്നിധ്യം. ഉസ്താദിന്‍റെ മക്കളുടെയും മരുമക്കളുടെയും നാടും വീടും കാർത്തികിന് മന:പാഠം. ഉസ്താദിന്‍റെ പുത്രൻ മൂസ ഫൈസിയുടെ ഡ്രൈവറായാണ് കാർത്തിക് ഉസ്താദിന്‍റെ വീട്ടിലെത്തുന്നത്. അങ്ങനെയാണ് വീണ്ടുമൊരു മമ്പുറം തങ്ങളും കോന്തുനായരും പിറക്കുന്നത്.