ദോഹ-ലോസ് ടൈം ഇന്‍ജ്വറിയില്ലാതെ 12 ദശലക്ഷം മനുഷ്യ മണിക്കൂര്‍ പൂര്‍ത്തിയാക്കി ഖത്തര്‍ പൊതുമരാമത്ത് അതോരിറ്റി. പൊതുമരാമത്ത് അതോറിറ്റിയുടെ ഡ്രെയിനേജ് നെറ്റ്വര്‍ക്ക് പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി ഘട്ടം 3 ലാണ് അശ് ഗാല്‍ ഈ നേട്ടം കൈവരിച്ചത്. ദോഹയുടെ വടക്കും തെക്കും ഭാഗങ്ങളിലും ബാഹ്യ പ്രദേശങ്ങളിലും വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി നടപ്പാക്കുന്ന കരാര്‍ കമ്പനികളെ പദ്ധതിയുടെ രൂപകല്പനയും നടത്തിപ്പും മേല്‍നോട്ടം വഹിക്കുന്ന കണ്‍സള്‍ട്ടിംഗ് കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് അതോരിറ്റിയിലെ ഡ്രെയിനേജ് നെറ്റ്വര്‍ക്ക് പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ എന്‍ജിനീയര്‍ ഖാലിദ് സെയ്ഫ് അല്‍ ഖയാറീന്‍ ആദരിച്ചു. തൊഴില്‍ മേഖലകളിലെ അപകടങ്ങളും പരിക്കുകളും തടയുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള തൊഴില്‍ സുരക്ഷയും ആരോഗ്യവും നടപ്പാക്കാനുള്ള അധികാരികളുടെ പ്രതിബദ്ധതയുടെ വ്യക്തമായ തെളിവാണ് ഈ നേട്ടമെന്ന് ഡ്രെയിനേജ് നെറ്റ്വര്‍ക്ക് പ്രോജക്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ ഖാലിദ് സെയ്ഫ് അല്‍ ഖയാറീന്‍ അഭിപ്രായപ്പെട്ടു. നയങ്ങളുടെയും നടപടിക്രമങ്ങളുടെയും പരിധിയില്‍നിന്നുകൊണ്ട് തൊഴില്‍ പ്രതിബദ്ധതയോടെ കരാറുകള്‍ നിര്‍വഹിക്കുക, തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുക, പ്രോജക്റ്റ് വര്‍ക്കുകള്‍ നടപ്പിലാക്കുമ്പോള്‍ ആനുകാലിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് അല്‍ ഖയാറിന്‍ പറഞ്ഞു.