പാലക്കാട്- വടക്കഞ്ചേരിയിലെ ബസ്സപകടത്തിന്റെ ആഘാതത്തിലാണ് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ സുമേഷും കണ്ടക്ടര്‍ ജയകൃഷ്ണനും. വലതുഭാഗത്തുനിന്ന് പിന്നില്‍ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഇടിയുടെ ശക്തിയില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഒരുഭാഗം മുഴുവന്‍ ടൂറിസ്റ്റ് ബസിന്റെ ഉള്ളിലേക്ക് കയറിപ്പോയി.
ബസിന്റെ വലതുഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. കടന്നുപോയ കാറുകളൊന്നും നിര്‍ത്താതിരുന്നപ്പോള്‍ അതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഒപ്പം കഠിനമായി പ്രയത്‌നിച്ചു.
രാത്രി ഒന്‍പതിനുശേഷം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട വിനോദയാത്രാ സംഘം ബസ് നിര്‍ത്തി ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് വിദ്യാര്‍ഥികള്‍ പലരും വീട്ടിലേക്ക് ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം വാഹനം അപകടത്തില്‍പ്പെട്ടെന്ന വിവരം അറിഞ്ഞതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായി.
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരുടെ ഫോണ്‍വാങ്ങി വീട്ടിലേക്ക് വിളിച്ചാണ് കാര്യമായ പരിക്കേല്‍ക്കാത്ത വിദ്യാര്‍ഥികള്‍ അപകടവിവരം അറിയിച്ചതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ മിക്കവരും പാലക്കാടേക്ക് യാത്ര തിരിക്കുകയായിരുന്നു. കുട്ടികളുടെ ഫോട്ടോയുമായി ആശുപത്രിയിലെത്തി മക്കളെ തെരഞ്ഞ് നടക്കുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം ഉറക്കത്തിലായിരുന്നു അപകട സമയത്ത് വിദ്യാര്‍ഥികള്‍ പലരുമെന്നാണ് സൂചന. അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് കുട്ടികളില്‍ പലര്‍ക്കും പറയാന്‍ കഴിയുന്നില്ല.
ബസിന് പിന്നിലിടിച്ച ടൂറിസ്റ്റ് ബസ് വളരെ ദൂരത്തേക്ക് തെറിച്ചുപോയാണ് മറിഞ്ഞതെന്ന് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അതിനിടെ സിനിമയുടെ സി.ഡി മാറ്റാന്‍ ബസിന് മുന്നിലെത്തിയപ്പോള്‍ ബസ് അമിത വേഗത്തലായിരുന്നുവെന്ന് മനസിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒമ്പത് പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മരണ സംഖ്യ ഉയരാനിടയുണ്ട്.