Sorry, you need to enable JavaScript to visit this website.

കുവൈത്ത് ജോലി വിലക്ക് ഫിലിപ്പൈന്‍സ് സ്ഥിരമാക്കി

മനില- കുവൈത്തില്‍ ജോലിക്കു പോകുന്നതിന് ഫിലിപ്പിനോകള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധം സ്ഥിരമാക്കി പ്രസിഡന്റ് റോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടേ. 
ഇരു രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ ഫിലിപ്പൈന്‍സ് അംബാസഡര്‍ റിനാറ്റോ വില്ലയെ കുവൈത്ത് പുറത്താക്കിയതാണ് കടുത്ത തീരുമാനം കൈക്കൊള്ളാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്. വീട്ടുവേലക്കാരോട് മോശമായി പെരുമാറുന്നതിനെ ചൊല്ലിയായിരുന്നു കുവൈത്തും ഫിലിപ്പൈന്‍സും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം. കുവൈത്തില്‍ ഒരു ഫിലിപ്പിന വേലക്കാരി കൊല്ലപ്പെട്ടിതനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് താല്‍ക്കാലിക നിരോധം പ്രഖ്യാപിച്ചിരുന്നത്. വേലാക്കാരിയുടെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. 
തൊഴിലുടമകളില്‍നിന്ന് രക്ഷപ്പെടാന്‍ ഫിലിപ്പിനോകളെ എംബസി ഉദ്യോഗസ്ഥര്‍ സഹായിക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് കുവൈത്ത് വിദേശ മന്ത്രാലയം അംബസാഡറോട് നാടുവിടാന്‍ ആവശ്യപ്പെട്ടിരുന്നത്. 
നിരോധം സ്ഥിരമാക്കുകയാണ്. ഇനി റിക്രൂട്ട്‌മെന്റ് ഉണ്ടാവില്ല, പ്രത്യേകിച്ച് വീട്ടുവേലക്കാരുടെ റിക്രൂട്ട്‌മെന്റ്- സ്വദേശമായ ഡവാവോ പട്ടണത്തില്‍ ഡ്യൂട്ടര്‍ട്ടേ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 
കുവൈത്തില്‍ ജോലി ചെയ്യുന്ന 2,62,000 ഫിലിപ്പിനോകളില്‍ 60 ശതമാനവും വീട്ടുജോലിക്കാരാണെന്ന് ഫിലിപ്പൈന്‍സ് വിദേശ വകുപ്പ് കണക്ക് വ്യക്തമാക്കുന്നു. 
വിവാദ വിഡിയോ പുറത്തുവന്നതിനുശേഷം ഫിലിപ്പൈന്‍സ് ക്ഷമ ചോദിച്ചിരുന്നെങ്കിലും കുവൈത്ത് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അംബാഡസറെ പുറത്താക്കിയ കുവൈത്ത് മനിലയില്‍നിന്ന് സ്വന്തം പ്രതിനിധിയെതിരിച്ചു വിളിക്കുകയും ചെയ്തു. കുവൈത്തിലെ സ്ഥിതി ദുരന്തമാണെന്നാണ് ഡ്യൂട്ടര്‍ട്ടേ വിശേഷിപ്പിച്ചത്. കുവൈത്തില്‍ തുടരാന്‍ ആഗ്രഹിക്കാത്താവരോട് അദ്ദേഹം നാട്ടിലെത്താന്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍നിന്ന് മടങ്ങുന്നവര്‍ക്ക് ചൈനയില്‍ ഇംഗ്ലീഷ് അധ്യാപകരകാമെന്നും ചൈനയുമായി നല്ല ബന്ധമാണുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു. 
 

Latest News