Sorry, you need to enable JavaScript to visit this website.

അയല്‍വാസിയുടെ എ.ടി.എം കാര്‍ഡും പിന്‍നമ്പറും മോഷ്ടിച്ച് ലക്ഷങ്ങള്‍ തട്ടി, യുവതികള്‍ അറസ്റ്റില്‍

തൃശൂര്‍- അയല്‍വാസിയായ റിട്ട. അധ്യാപികയുടെ എ.ടി.എം കാര്‍ഡും പിന്‍നമ്പറും മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവതികള്‍ അറസ്റ്റില്‍. വടൂക്കര എസ്.എന്‍. നഗര്‍ റിട്ട. അധ്യാപിക റഹ്മത്തിന്റെ ഹാന്‍ഡ്ബാഗില്‍നിന്നു എ.ടി.എം കാര്‍ഡും പിന്‍നമ്പര്‍ എഴുതി വച്ച കടലാസും മോഷ്ടിച്ചെടുത്ത് ഒരാഴ്ചയോളം തൃശൂര്‍ നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍നിന്നു 1,84,000 രൂപ കൈക്കലാക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഹൊസങ്ങാടി അബ്ദുള്‍ റഹ്മാന്റെ ഭാര്യ സമീറ ( 31), വടൂക്കര എസ്.എന്‍. നഗര്‍ കളപ്പുരയില്‍ മുഹമ്മദ് സലീമിന്റെ ഭാര്യ ഷാജിത ( 36) എന്നിവരെയാണ് നെടുപുഴ എസ്.ഐ. കെ. അനുദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
റിട്ട. അധ്യാപികയും പ്രതികളും അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്നു. റിട്ട. അധ്യാപിക വാടകക്ക് നല്‍കിയ വീട്ടിലാണു പ്രതി ഷാജിത താമസിക്കുന്നത്. അധ്യാപികയുടെ അക്കൗണ്ടില്‍ പണമുണ്ടെന്നു പ്രതികള്‍ക്ക് അറിയാമായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ അധ്യാപിക ഇവരെ സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് മൂവരും കൂടി തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് രാത്രി എട്ടോടെ എസ്.എന്‍. നഗറിലെ വീട്ടിലെത്തി വിശ്രമിക്കുന്ന സമയത്താണ് ഹാന്‍ഡ്ബാഗില്‍നിന്നു പ്രതി സമീറ
എ.ടി.എം കാര്‍ഡും പിന്‍നമ്പര്‍ എഴുതിവച്ച കടലാസും മോഷ്ടിക്കുന്നത്. അതിനുശേഷം അന്നു രാത്രി തന്നെ രണ്ടുപേരുംകൂടി പണം പിന്‍വലിച്ചു. പിന്നീട് ഒരാഴ്ചയോളം പണം പിന്‍വലിച്ചു. പണം പിന്‍വലിച്ച വിവരം മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി വന്നിരുന്നുവെങ്കിലും പ്രായാധിക്യം മൂലം റിട്ട. അധ്യാപിക ഫോണ്‍ അധികം ശ്രദ്ധിച്ചിരുന്നില്ല.
സെപ്റ്റംബര്‍ 27ന് റിട്ട. അധ്യാപിക ബാങ്കില്‍നിന്നു അത്യാവശ്യത്തിനായി പണം പിന്‍വലിക്കുന്നതിനായി പോയപ്പോള്‍ അക്കൗണ്ടില്‍ പണം ഇല്ലെന്നു മനസിലായി. അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം മനസിലായത്. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് എ.ടി.എം കാര്‍ഡും പിന്‍ നമ്പര്‍ എഴുതിവച്ച കടലാസും നഷ്ടപ്പെട്ടതായി മനസിലായത്. എ.ടി.എം സെന്ററിലുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. മോഷ്ടിച്ചെടുത്ത പണം പ്രതികളുടെ കടങ്ങള്‍ വീട്ടാനായാണ് ഉപയോഗിച്ചത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ ഗ്രേഡ് സീനിയര്‍ സി.പി.ഒമാരായ സിബു, പ്രേംനാഥ്, ശ്രീജിത്, ശുഭ, സി.പി.ഒ. ജാന്‍സി എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Latest News