തിരുവനന്തപുരം - കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഒക്ടോബര്‍ മൂന്നിന് വൈകുന്നേരത്തോടെയാണ് ഇവര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പെടുന്നത്. രണ്ട് പേരെ ചെറു ബോട്ടുകളില്‍ എത്തിയവര്‍ രക്ഷപ്പെടുത്തി. എന്നാല്‍ ക്ലീറ്റസ്, ചാര്‍ളി എന്നിവര്‍ തകര്‍ന്ന ബോട്ടില്‍ അകപ്പെടുകയായിരുന്നു.
തിരുവനന്തപുരം ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ വിഭാഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പോലീസ്, തീരസംരക്ഷണസേന തുടങ്ങിയവരുടെ സേവനം ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെ മുതല്‍ തന്നെ തിരച്ചില്‍ തുടങ്ങി. കാണാതായ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു . ഈ വിവരങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം തീരസംരക്ഷണസേനയുടെ നിരീക്ഷണ കപ്പലിന് പുറമേ ഡോര്‍ണിയര്‍ വിമാനവും ഒരു ഹെലികോപ്റ്ററും തിരച്ചിലിലെത്തി. കാണാതായ മത്സ്യതൊഴിലാളികളെ ഇന്ന് രാവിലെ കന്യാകുമാരിക്കടത്തു നിന്നും തമിഴ്‌നാട്ടിലെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു . ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളവും വലയും കണ്ടെത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ നാട്ടിലെത്തിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.