Sorry, you need to enable JavaScript to visit this website.

റെയില്‍വേ ഗേറ്റില്‍ ബസ് ജീവനക്കാരെ ആക്രമിച്ചു, ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു

തൃക്കരിപ്പൂര്‍- ബീരിച്ചേരി റെയില്‍വേ ഗേറ്റില്‍ കാറിനെ മറികടന്നുപോകാന്‍ ശ്രമിച്ച സ്വകാര്യ ബസ് ഒരു സംഘം തടഞ്ഞതിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ ബസ് ജീവനക്കാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ഓട്ടം നിര്‍ത്തി. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ചെറുവത്തൂര്‍ തൃക്കരിപ്പൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളൊന്നും ഉച്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 11.30 മണിയോടെ ഉണ്ടായ സംഭവത്തില്‍ ഒരു സംഘം ആളുകളുടെ അക്രമത്തില്‍ പരിക്കേറ്റ പി.എല്‍.ടി ബസ് ഡ്രൈവര്‍ മാര്‍ട്ടിന്‍ ജോയ്, കണ്ടക്ടര്‍ മഹേഷ് എന്നിവരെ ചെറുവത്തൂര്‍ കെ.എച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ കടന്നുപോകാന്‍ ബീരിച്ചേരി ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് ക്യുവില്‍ ആയിരുന്ന സ്വകാര്യ ബസ് സമയം വൈകിയതിനാല്‍ മുന്നില്‍ ഉണ്ടായിരുന്ന കാറിനെ മറികടന്നു പോകാന്‍ ശ്രമിച്ചു. ഇതിനെ ഓട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തില്‍ ഒരു സംഘം ചെറുക്കുകയും എല്ലാ വാഹനങ്ങളും പോയതിനുശേഷം വിട്ടാല്‍ മതിയെന്ന് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഗേറ്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ വാഹനങ്ങളും പോയിട്ടും ബസ് വിടാത്തതിനെ  ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ ഓട്ടോ ഡ്രൈവറും സംഘവും കണ്ടക്ടര്‍ മഹേഷിനെയും ഡ്രൈവര്‍ മാര്‍ട്ടിനെയും  വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവറെ സീറ്റില്‍നിന്ന് പിടിച്ചു വലിച്ചാണ് മര്‍ദ്ദിച്ചത്. മഹേഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളുണ്ട്. ചന്തേര പോലീസില്‍ വിവരം അറിയിച്ച ശേഷം  ഇവരെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയാണ് ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമയം ഏറെ വൈകിയതിനാല്‍ യാത്രക്കാരെ വേഗത്തില്‍ എത്തിക്കാനാണ് ബസ് എടുത്തതെന്ന് കണ്ടക്ടര്‍ മഹേഷ് പറഞ്ഞു. എന്നാല്‍ ഗുണ്ട സ്‌റ്റൈലില്‍ ആണ് ഒരു സംഘം വളഞ്ഞു വധഭീഷണി മുഴക്കിയത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍  ഒരു ബസും ഇതുവഴി  ഓടാന്‍ വിടില്ലെന്നും ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ ബസ് ജീവനക്കാരും ബസോട്ടം നിര്‍ത്തിവെച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യാതെ ബസ് സര്‍വ്വീസ് തുടങ്ങില്ലെന്ന് യൂണിയന്‍ നേതാക്കളും പറഞ്ഞു.

Latest News