കാസര്‍കോട്- രാത്രി മതപ്രഭാഷണം കേള്‍ക്കാന്‍ വീടു പൂട്ടി പോകുന്നവര്‍ ജാഗ്രതൈ. ഇത്തരംവീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചാസംഘം രംഗത്ത്. ഉത്സവത്തിനും മതപ്രഭാഷണം കേള്‍ക്കാനും പോകുമ്പോള്‍ വീടുകള്‍ പൂട്ടിയിടുന്നവര്‍ മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന് സി.ഐ പി. അജിത്കുമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് നഗരപരിധിയിലെ ഒരു വീട് പൂട്ടി കുടുംബം മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയത്ത് മോഷ്ടാക്കള്‍ ഈ വീടിന് സമീപമെത്തിയിരുന്നു. പരിസരവാസികള്‍ എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. രാത്രി 7 മണിക്കാണ് മതപ്രഭാഷണം ആരംഭിക്കുന്നത്. തിരിച്ചെത്തുമ്പോള്‍ 12 മണിയാകും. ഈ സമയത്ത് വീടുകളില്‍ നിന്നു സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യുകയാണ് മോഷ്ടാക്കളുടെ ലക്ഷ്യം. അതുകൊണ്ട് ഇനി രാത്രി വീടുപൂട്ടി പോകുന്നവര്‍ പണവും ആഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് പോലീസ് വ്യക്തമാക്കി.