Sorry, you need to enable JavaScript to visit this website.

വയോജനങ്ങൾക്കായി പകൽ വീടൊരുക്കി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലൊരുക്കിയ പകൽവീടിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജിൻസൺ വർക്കി നിർവഹിക്കുന്നു.

ഇടുക്കി- വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്പരം സന്തോഷം പങ്കുവെക്കാനും പകൽ വീടൊരുക്കി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്. പഴയ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സജ്ജമാക്കിയ പകൽവീടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി നിർവഹിച്ചു. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പകൽ വീട് ഒരുക്കിയത്. പകൽ സമയങ്ങളിൽ വയോജനങ്ങൾക്ക് ഉപകരിക്കപ്പെടുന്ന തരത്തിൽ  മാനസികോല്ലാസത്തിനായി ടെലിവിഷൻ, കാരംസ്, ചെസ് തുടങ്ങി കളികൾക്കുള്ള സൗകര്യങ്ങൾ, ചാരുകസേര, വിശ്രമത്തിനായി കട്ടിലും കിടക്കയും, മാറ്റുകൾ, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പകൽ വീട് സജ്ജമാക്കിയിരിക്കുന്നത്. സായംപ്രഭ പദ്ധതിയിലുൾപ്പെടുത്തി ഇവർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. 
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പകൽ വീടിന്റെ സമയം. ഇവിടെയെത്തുന്ന വയോധികരുടെ ആരോഗ്യക്ഷേമത്തിനായി പഞ്ചായത്ത് കെയർടേക്കറെയും നിയമിക്കും. ഉദ്ഘാടന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയിൽ, ലാലച്ചൻ വെള്ളക്കട, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജിഷ ഷാജി, വൊസാർഡ് ഡയറക്ടർ ഫാ. ജെയിംസ് ആന്റണി, ഔസേപ്പച്ചൻ ശൗര്യാങ്കുഴി, എം.വി. മാത്യു, രാജീവ് കണ്ണാന്തറയിൽ, പഞ്ചായത്ത് സെക്രട്ടറി എൻ.ആർ. ശിവദാസ് സംസാരിച്ചു. 

Latest News