ജിദ്ദ- കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റിന്റെ ഗ്രെയ്റ്റസ്റ്റ് റോയൽ റംബ്ൾ ഗുസ്തി മത്സരങ്ങൾക്കിടെ സഭ്യതക്ക് നിരക്കാത്ത ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിൽ ജനറൽ സ്‌പോർട്‌സ് അതോറിറ്റി ക്ഷമാപണം നടത്തി.
ഒരു മത്സരത്തിനു മുമ്പ് പ്രദർശിപ്പിച്ച പരസ്യത്തിലാണ് സഭ്യമല്ലാത്ത വേഷങ്ങളിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ കാണിച്ചത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മൂല്യങ്ങൾക്ക് വിരുദ്ധവും അപകീർത്തിയുണ്ടാക്കുന്നതുമായ കാര്യങ്ങൾ അകറ്റി നിർത്തുന്നതിന് ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. വനിതാ ഗുസ്തിയുടെയും ഇതുമായി ബന്ധപ്പെട്ട രംഗങ്ങളുടെയും ദൃശ്യങ്ങൾ വിലക്കും. ഇക്കാര്യം ഗുസ്തി മത്സരങ്ങൾ സംഘടിപ്പിക്കുന്ന കമ്പനിയുമായുണ്ടാക്കിയ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഭ്യമല്ലാത്ത വേഷവിധാനങ്ങളോടെയുള്ള സ്ത്രീകളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമടങ്ങിയ പ്രൊമോഷൻ പരസ്യങ്ങളും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. ഇക്കാര്യവും കർശനമായി പാലിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട് -ജനറൽ സ്‌പോർട്‌സ് അതോറിറ്റി പറഞ്ഞു.
അറുപതിനായിരത്തോളം പേരാണ് കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ വീക്ഷിക്കാൻ തിങ്ങിനിറഞ്ഞത്. ആഗോള മേളകൾ സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക് സാധിക്കുമെന്ന് ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഗുസ്തി താരങ്ങളെ നേരിട്ട് കാണാനും മത്സരങ്ങൾ വീക്ഷിക്കാനുമുള്ള സൗദി പൗരന്മാരുടെ സ്വപ്‌നങ്ങൾ തങ്ങൾ സാക്ഷാൽക്കരിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലു ശൈഖ് പറഞ്ഞു. വിജയികൾക്ക് അദ്ദേഹം കപ്പുകൾ സമ്മാനിച്ചു.
സൗദിയിൽ ആദ്യമായി സംഘടിപ്പിച്ച ഗുസ്തി മത്സരങ്ങളുടെ ടിക്കറ്റുകൾ മുഴുവൻ നേരത്തെ വിറ്റു തീർന്നതായി സംഘാടകർ അറിയിച്ചിരുന്നു. 50 ഗുസ്തി താരങ്ങളെ പങ്കെടുപ്പിച്ച് റോയൽ റംബിൾ മത്സരം സംഘടിപ്പിക്കുന്നതും ആദ്യമാണ്. തെരഞ്ഞെടുത്ത നാലു സൗദി താരങ്ങളും സ്വന്തം നാട്ടുകാർക്കു രംഗപ്രവേശം ചെയ്തു. ഇവർ പേഴ്‌സ്യൻ സംഘമായ ഡൈവരി ബ്രദേഴ്‌സിനെയാണ് നേരിട്ടത്.
ജോൺസീന ആദ്യ മത്സരത്തിൽ ട്രിപ്പിൾ എച്ചിനെ കീഴടക്കി. പിന്നീട് കലിസ്റ്റോയെ തോൽപിച്ച് സിഡ്രിക് അലക്‌സാണ്ടർ ക്രൂയിസ്‌വൈറ്റ് പട്ടം നിലനിർത്തി. ജിന്ദർ മഹലിനെ തോൽപിച്ച് ജെഫ് ഹാർഡി യു.എസ് ചാമ്പ്യൻഷിപ്പ് പട്ടം നേടി. ഗോവണി മാച്ചിൽ സമോവ ജോ, ദി മിസ്, ഫിൻ ബാലർ എന്നിവരെ പിന്തള്ളി സെത് റോളിൻസ് ഒന്നാമതെത്തി. ഷിൻസുകെ നകമുറയെ കീഴടക്കി ഡബ്ലിയു.ഡബ്ലിയു.ഇ ചാമ്പ്യൻഷിപ്പ് പട്ടം എ.ജെ. സ്റ്റൈൽസ് നിലനിർത്തി. സൗദിയിലെ ആദ്യത്തെ കാസ്‌കറ്റ് മാച്ചിൽ റൂസേവിനെ അണ്ടർടേക്കർ പരാജയപ്പെടുത്തി. യൂനിവേഴ്‌സൽ ചാമ്പ്യൻഷിപ്പ് പട്ടത്തിനുള്ള മത്സരത്തിൽ ബ്രോക് ലെസ്‌നറും റോമൻ റൈൻസും ഏറ്റുമുട്ടി.
ഉദ്വേഗം നിറഞ്ഞ വാശിയേറിയ മത്സരത്തിനൊടുവിൽ ലെസ്‌നർ വിജയം നേടി. 50 അംഗ റോയൽ റംബിൾ ആയിരുന്നു ഫൈനൽ മത്സരം. മത്സരത്തിനൊടുവിൽ ബിഗ് കാസിനെ തറയിൽ തള്ളിയിട്ട് ബ്രൗൺ സ്‌ട്രോമാൻ ഗ്രെയ്റ്റസ്റ്റ് റോയൽ റംബിൾ പട്ടം നേടി.