മഡ്രീഡ്- വാലറ്റക്കാരായ ഡിപോർടിവൊ ലാ കൊറൂണ്യക്കെതിരെ തോൽവി ഒഴിവാക്കിയാൽ ബാഴ്‌സലോണ ഇന്ന് സ്പാനിഷ് ലീഗ് ഫുട്‌ബോൾ ചാമ്പ്യന്മാരാവും. കഴിഞ്ഞയാഴ്ച സ്പാനിഷ് ലീഗ് കപ്പും ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു. നാലു വർഷത്തിനിടെ മൂന്നാം തവണയാണ് ബാഴ്‌സലോണ ആഭ്യന്തര ഡബ്ൾ നേടുന്നത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ അപ്രതീക്ഷിതമായി റോമയോട് തോറ്റതിന്റെ ക്ഷീണം തീർക്കാൻ ഈ നേട്ടം താൽക്കാലികമായെങ്കിലും ഉപകരിക്കും.
ക്ലബ് വിടുന്ന ക്യാപ്റ്റൻ ആന്ദ്രെസ് ഇനിയെസ്റ്റക്ക് ഉചിതമായ യാത്രയയപ്പ് കൂടിയാവും ഈ ഇരട്ട നേട്ടം. ബാഴ്‌സലോണയിലെ തന്റെ അവസാന കിരീടമുയർത്തുന്നത് ഇനിയെസ്റ്റക്ക് വൈകാരിക നിമിഷമായിരിക്കും. ബാഴ്‌സലോണയിലെ 13 സീസണിൽ ഇനിയെസ്റ്റയുടെ ഒമ്പതാമത്തെ ലീഗ് കിരീടമായിരിക്കും ഇത്. ഇന്നത്തേതുൾപ്പെടെ അവസാന അഞ്ച് മത്സരങ്ങളിൽ പരാജയം ഒഴിവാക്കിയാൽ തോൽവിയില്ലാതെ സീസൺ പൂർത്തിയാക്കിയ ആദ്യ സ്പാനിഷ് ലീഗ് ടീമെന്ന ബഹുമതിയും ബാഴ്‌സലോണയെ കാത്തിരിക്കുന്നു. അടുത്തയാഴ്ച ബാഴ്‌സലോണയുടെ നൗകാമ്പിൽ എൽക്ലാസിക്കോയുള്ളതിനാൽ ഈ അപൂർവ റെക്കോർഡിനുള്ള ശ്രമം തകർക്കാൻ റയൽ മഡ്രീഡിനു സാധിക്കും.
20 ടീമുകളുള്ള ലാ ലിഗയിൽ പതിനെട്ടാം സ്ഥാനത്താണ് ഡിപോർടിവൊ. സെവിയക്കെതിരായ കോപ ഡെൽറേ ഫൈനലിൽ ഈ സീസണിലെ തന്നെ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ച ബാഴ്‌സലോണക്ക് അവർ വെല്ലുവിളിയാവാൻ സാധ്യതയില്ല. ചാമ്പ്യൻസ് ലീഗിലേറ്റ തിരിച്ചടി ഒറ്റപ്പെട്ടതാണെന്ന് തെളിയിക്കാനുള്ള വെമ്പലിലാണ് അവർ. റയൽ മഡ്രീഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ചുവട് വെച്ചത് ബാഴ്‌സലോണയുടെ വേദന ഇരട്ടിപ്പിക്കുന്നു.
ഇരുപത്തഞ്ചാമത്തെ ലീഗ് കിരീടമാണ് ബാഴ്‌സലോണയെ കാത്തിരിക്കുന്നത്. യൂറോപ്പ ലീഗിലേക്കുള്ള മൂന്ന് സ്ഥാനങ്ങൾക്കായി ആറ് ടീമുകൾക്ക് സാധ്യത അവശേഷിക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള റയൽ ബെറ്റിസും പത്താം സ്ഥാനത്തുള്ള സെൽറ്റവീഗോയും തമ്മിൽ ആറ് പോയന്റിന്റെ വ്യത്യാസമേയുള്ളൂ. സെവിയയെ തോൽപിച്ച് ലെവാന്റെ തരംതാഴ്ത്തൽ ഏതാണ്ടുറപ്പാക്കി. ബാഴ്‌സലോണ, അത്‌ലറ്റിക്കൊ മഡ്രീഡ്, റയൽ മഡ്രീഡ്, വലൻസിയ ടീമുകൾ ചാമ്പ്യൻസ് ലീഗ് സ്ഥാനവും ഉറപ്പിച്ചു.
ഗാരെത് ബെയ്‌ലിന്റെ ഗോളിൽ ലെഗാനീസിനെ 2-1 ന് മറികടന്ന നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രീഡ് മൂന്നാം സ്ഥാനത്ത് പിടിമുറുക്കി. 34 മത്സരങ്ങളിൽ റയലിന് 71 പോയന്റായി. അത്‌ലറ്റിക്കൊ മഡ്രീഡിനെക്കാൾ ഒരു പോയന്റ് പിന്നിലാണ് റയൽ.