കൊല്ലം ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം
കൊല്ലം- രക്തസാക്ഷിത്വ ദിനം സജീവമായി ആഘോഷിക്കുന്ന സഖാവിന്റെ കൊലക്ക് പിന്നില്‍ സി.പി.എം തന്നെ ആണെന്ന ആരോപണവുമായി കുടുംബം. സി.പി.എം ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ആയൂര്‍ പെരിങ്ങള്ളൂര്‍ കൃഷ്ണവേണിയില്‍ എസ്.രവീന്ദ്രന്‍ പിള്ള കൊല്ലപ്പെട്ടതിനു പിന്നില്‍ പാര്‍ട്ടിക്കാരാണെന്നു ഭാര്യ എസ്.ബിന്ദു ആരോപിച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും, പേടിച്ചാണ് ഇത്രയും നാള്‍ ഇത് ഉള്ളിലൊതുക്കിയതെന്നും അവര്‍ വെളിപ്പെടുത്തി. മക്കളെ കൊന്നു കളയുമെന്ന നേതാക്കളുടെ ഭീഷണി കാരണമാണ് ഇത്രയും കാലം നിശബ്ദത പാലിച്ചതെന്നും ബിന്ദു പറഞ്ഞു.
2008 ജനുവരി മൂന്നിന് രാത്രി പത്തോടെയായിരുന്നു ഒരു സംഘം രവീന്ദ്രന്‍ പിള്ളയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. എട്ടു വര്‍ഷത്തോളം കിടപ്പിലായിരുന്ന രവീന്ദ്രന്‍ പിള്ള 2016 ജനുവരി പതിമൂന്നിന് മരിച്ചു. ഈ കൃത്യം പാര്‍ട്ടിയുടെ അറിവോടെ തന്നെ പ്രദേശത്തെ ആര്‍.എസ്.എസിന് മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ആര്‍.എസ്.എസുകാരല്ല തന്നെ ആക്രമിച്ചതെന്ന രവീന്ദ്രന്‍ പിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തിരിച്ചു വിടുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രവീന്ദ്രന്‍ പിള്ളയുടെ വീടു സന്ദര്‍ശിക്കുകയും 15 ദിവസത്തിനകം പ്രതികളെയെല്ലാം പിടികൂടുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. കടയ്ക്കല്‍ സി.ഐയായിരുന്ന റഫീഖ് സംഭവവുമായി ബന്ധപ്പെട്ടു കുളപ്പാടത്തു നിന്നും അഞ്ചോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച പ്രതികള്‍ പക്ഷേ തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയവരെ അറിയില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. അന്വേഷണം മുന്നോട്ടു നീങ്ങവേ പെട്ടെന്നു തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതു യഥാര്‍ഥ പ്രതികളെ രക്ഷിക്കാനെന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരുന്നു.
സി.പി.എമ്മിലെ തന്നെ ചില ജില്ലാ നേതാക്കളുമായി ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നവും, മറ്റു പാര്‍ട്ടിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കുന്നതും പാര്‍ട്ടിയില്‍ രവീന്ദ്രന്‍ പിള്ളക്ക് ശത്രുക്കള്‍ വര്‍ധിക്കാന്‍ കാരണമായി. ഇതാണു രവീന്ദ്രന്‍ പിള്ളയെ ആക്രമിക്കാന്‍ കാരണമെന്നും സൂചന. അന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ നേരില്‍ കണ്ടു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും സ്‌പെഷല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ബിന്ദു പറഞ്ഞു. ഭര്‍ത്താവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.