Sorry, you need to enable JavaScript to visit this website.

സാമ്പാറിന്റെ മണമുള്ള ആലപ്പുഴയിലെ  കുട്ടികളെ കരുതിയിരിക്കുക 

ആലപ്പുഴ-വ്യാജ സിഗരറ്റ് മാഫിയ ആലപ്പുഴയിലും പിടിമുറുക്കി.  ടൂറിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടെത്തുന്ന, ഫ്‌ളേവര്‍ ചേര്‍ത്ത സിഗററ്റുകള്‍ വിപണിയില്‍ സുലഭം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം,പുന്നമട, ബീച്ച്, പ്രധാന ജംഗ്ഷനുകള്‍, കോളേജുകളുടെ പരിസരത്തുള്ള കടകള്‍ എന്നിവിടങ്ങളിലാണ് ഫ്‌ളേവര്‍ സിഗററ്റുകള്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ആലപ്പുഴ നഗരത്തിന് പുറമേ ചെങ്ങന്നൂര്‍, ഹരിപ്പാട്, കുട്ടനാട്, കായംകുളം, ചേര്‍ത്തല, മാവേലിക്കര മേഖലകളിലും വില്‍്പന സജീവമാണ്.
മുന്തിരിയുടെ മുതല്‍ സാമ്പാറിന്റെ വരെ ഫ്‌ളേവറുകളിലുള്ളതാണ് ഇത്തരം സിഗററ്റുകള്‍. നല്ല ലഹരിയുമുണ്ട്. വലിച്ചാല്‍ പുകയില ഗന്ധം പുറത്തറിയാത്തതിനാലാണ് ഈ സിഗററ്റുകള്‍ വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കുന്നത്. ആഗോള വിപണി കൈയടക്കിയ ബ്രാന്‍ഡുകളുടെ പേരിലാണ് വ്യാജ സിഗററ്റുകള്‍ വിപണിയിലുള്ളത്. അതിസൂക്ഷ്മ പരിശോധനയിലേ ഇവ വ്യാജനാണെന്ന് കണ്ടെത്താനാകൂ. പോലീസും എക്‌സൈസും നടത്തുന്ന പരിശോധനയില്‍ വ്യാജ സിഗററ്റുകള്‍ കടകളില്‍ നിന്ന് പിടിച്ചെടുത്താലും പിഴ അടച്ച് വില്‍്പനക്കാര്‍ രക്ഷപ്പെടുകയാണ്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസും പോലീസും പറഞ്ഞു. ആരോഗ്യനിര്‍ദ്ദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരത സൂചിപ്പിക്കുന്ന മുന്നറിയിപ്പുകളോ ഈ സിഗററ്റുകളുടെ പാക്കറ്റുകള്‍ക്ക് മേല്‍ പതിച്ചിട്ടില്ല. ഉത്പാദന തീയതി, വില, കമ്പനി എന്നിവയും കവറിന് മുകളില്‍ ഉള്‍പ്പെടുത്താതെയാണ് ഇവ വിപണിയിലെത്തിച്ചിട്ടുള്ളത്.ശ്രീലങ്ക വഴി തമിഴ്‌നാട്ടിലെത്തുന്ന വ്യാജ സിഗററ്റുകള്‍ കിഴക്കന്‍ ജില്ലകള്‍ വഴിയാണ് സംസ്ഥാനത്തേക്കെത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായിരുന്ന വ്യാജ സിഗററ്റുകള്‍ ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴയിലേക്കും എത്തുകയായിരുന്നു.


 

Latest News