കൊച്ചി- അന്തരിച്ച വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ ആക്ഷേപിക്കാനല്ല താന്‍ ശ്രമിച്ചതെന്ന് അഡ്വ. എ. ജയശങ്കര്‍. ആദരാഞ്ജലി അര്‍പ്പിച്ചെഴുതിയ കുറിപ്പില്‍ 'പ്രഹസനം' എന്നെഴുതിയത് സ്വന്തം പരസ്യത്തിലൂടെ ചിരിപ്പിച്ച ആളെന്ന നിലക്കാണെന്ന് ജയശങ്കര്‍ വിശദീകരിച്ചു. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായിട്ടും ആവര്‍ത്തിക്കും. എന്നാല്‍ അറ്റ്ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ സംഭവിച്ചത് മറിച്ചാണെന്നും ജയശങ്കര്‍ പറയുന്നു. ഇന്ത്യാ വിഷനില്‍ വാരാന്തപ്പതിപ്പ് കോളം എഴുതുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണെന്നും അഡ്വ. ജയശങ്കര്‍ വ്യക്തമാക്കി.
പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ അവസാന വാചകം. പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. തന്റെ വാക്കുകളെ ചില ദുര്‍ബുദ്ധികള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. തന്റെ പരാമര്‍ശം അറ്റ്ലസ് രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണമെന്നും ജയശങ്കര്‍ വ്യക്തമാക്കി.
പരസ്യത്തെ ഉദ്ദേശിച്ചാണ് പ്രഹസനം എന്നു പറഞ്ഞതെന്നും ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യത്തെ വാചകമെന്നും പറഞ്ഞ ജയശങ്കര്‍ അദ്ദേഹം സ്വന്തം പരസ്യത്തിലൂടെ ചിരിപ്പിച്ച ആളെന്ന നിലയ്ക്കാണ് പ്രഹസനം എന്നുദ്ദേശിച്ചതെന്നും പറയുന്നു.