മക്ക - ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളത്. ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്ക് ഏറ്റവും ഭംഗിയായി സേവനങ്ങള്‍ നല്‍കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും വേണം. തങ്ങള്‍ക്കു കീഴിലുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകളും മദീന മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകളും ഇഷ്യു ചെയ്ത് കൊടുക്കുന്നതിന്റെയും പെര്‍മിറ്റുകളില്‍ നിര്‍ണയിച്ച കൃത്യസമയത്ത് തീര്‍ഥാടകരെ വിശുദ്ധ ഹറമിലെത്തിക്കുന്നതിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.
മക്കയിലെ താമസ കാലത്ത് ഉംറ കര്‍മം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ക്കും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്തുകൊടുക്കുന്നതിന്റെയും പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയക്രമം കൃത്യമായി പാലിച്ച് തീര്‍ഥാടകരെ ഹറമിലും റൗദ ശരീഫിലും എത്തിക്കുന്നതിന്റെയും ഉത്തരവാദിത്തവും സര്‍വീസ് കമ്പനികള്‍ക്കാണ്.
ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഫീല്‍ഡ് പരിശോധനകളിലൂടെ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നു. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ സര്‍വീസ് കമ്പനികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കും സമീപമുള്ള സോര്‍ട്ടിംഗ് സെന്ററുകളില്‍ ഹജ്, ഉംറ മന്ത്രാലയം ഫീല്‍ഡ് സംഘങ്ങളെ നിയോഗിക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചകള്‍ വരുത്തുകയും നിയമ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍വീസ് കമ്പനികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.