ദോഹ-കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി അല്‍ വക്ര മുനിസിപ്പാലിറ്റി ഇലക്ട്രോണിക് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള പുതിയ സംരംഭം ഏറ്റെടുക്കുന്നു.
മുനിസിപ്പാലിറ്റിയിലെമ്പാടുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി സുരക്ഷിതമായി പുനരുപയോഗിക്കുന്നതിന് ഇലക്ട്രോണിക്‌സ് റീസൈക്ലിംഗ് ഫാക്ടറിയുമായി (ഇആര്‍എഫ്) സഹകരണ കരാര്‍ ഇന്നലെ നഗരസഭ ഒപ്പുവച്ചു.
ഉടമ്പടി പ്രകാരം, ഇആര്‍എഫ് ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍, ടെലിവിഷന്‍ സെറ്റുകള്‍, വീഡിയോ ഗെയിമുകള്‍, സെല്‍ ഫോണുകള്‍, കോപ്പിയറുകള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങി തങ്ങളുടെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് കമ്പനിയുമായി ആശയവിനിമയം നടത്താന്‍ ഈ മൊബൈല്‍ ആപ്പ് സഹായിക്കും.
ഇലക്ട്രോണിക് മാലിന്യങ്ങളുടെ വിപത്തിനെ കുറിച്ചും അവ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കാനും കരാര്‍ ലക്ഷ്യമിടുന്നു. ഇന്നലെ നടന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ അല്‍ വക്ര മുനിസിപ്പാലിറ്റി ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ അല്‍ നുഐമി, ദോഹയിലെ യുനെസ്‌കോ റീജിയണല്‍ ഓഫീസ് ഡയറക്ടര്‍ സലാഹ് എല്‍ ദിന്‍ സാക്കി ഖാലിദ്; ഇആര്‍എഫ് ചെയര്‍മാന്‍ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍താനി തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനായി സുരക്ഷിതമായ രീതിയില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നതിലൂടെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങളിലൊന്നാണ് ഈ സംരംഭമെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അല്‍ നുഐമി പറഞ്ഞു