Sorry, you need to enable JavaScript to visit this website.

പരിയാരം ഏറ്റെടുക്കലിൽ അവ്യക്തതയെന്ന് ആരോപണം

സൊസൈറ്റിക്ക് കീഴിലാക്കിയത് അഴിമതിക്ക്, ചികിത്സാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചില്ല, ബാധ്യതകൾ സർക്കാർ തീർത്ത് വീണ്ടും സി.പി.എമ്മിനു നിയന്ത്രണം നൽകാനെന്നും ആരോപണം

കണ്ണൂർ- പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തുവെന്ന പ്രഖ്യാപനത്തിലെ അവ്യക്തതക്കെതിരെ വ്യാപക പ്രതിഷേധം. സ്ഥാപനം ഏത് മേഖലയിലെന്നുപോലും നിശ്ചയിക്കാതെയാണ് ഏറ്റെടുക്കൽ പ്രക്രിയ നടത്തിയതെന്നും രോഗികൾക്കു നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതാകുമെന്നുമാണ് ആശങ്ക. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തുവെന്ന പ്രസ്താവന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും പാർട്ടി തലത്തിൽ വൻ അഴിമതിക്കു കളമൊരുക്കാനുമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിക്കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃകയിൽ പൂർണമായും സർക്കാർ മെഡിക്കൽ കോളേജ് ആക്കണമെന്ന ആവശ്യവുമായി സംയുക്ത സമര സമിതിയും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 
പരിയാരം മെഡിക്കൽ കോളേജ്, പൂർണമായും സർക്കാർ മെഡിക്കൽ കോളേജാക്കി മാറ്റുമെന്നായിരുന്നു ഇടതു സർക്കാരിന്റെ ആദ്യപ്രഖ്യാപനം. പിന്നീട് ആർ.സി.സി മാതൃകയിൽ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സൊസൈറ്റിയുടെ കീഴിൽ സ്ഥാപനം നിലനിർത്തുമെന്നാണ് ഇപ്പോൾ പറയുന്നത്. നിലവിൽ സഹകരണ സൊസൈറ്റിക്കു കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇത് മാറി, സ്വകാര്യ മേഖലയിൽനിന്നുള്ള രണ്ട് ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് താൽക്കാലിക ഭരണ സമിതി രൂപീകരിച്ചത്. 
കേരളത്തിലെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽനിന്ന് വ്യത്യസ്തമായി സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തന സ്വയംഭരണാധികാരമുള്ള സൊസൈറ്റിക്കു കീഴിലാവും പരിയാരം മെഡിക്കൽ കോളേജ് പ്രവർത്തിക്കുകയെന്ന് ഏറ്റെടുക്കൽ പ്രഖ്യാപനം നിർവഹിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കിയിരുന്നു. സൊസൈറ്റിയുടെ ബൈലോ തയാറായി വരികയാണ്. ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യവും മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ ഉയർന്ന സംവിധാനങ്ങളും ഉറപ്പുവരുത്തുന്ന രീതിയിലാവും ബൈലോ തയാറാക്കുക. ഭരണ കൈമാറ്റ നടപടികൾ പൂർത്തിയാവുന്നതോടെ എം.ഡിയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിയാവും മെഡിക്കൽ കോളേജിന്റെ ഭരണച്ചുമതല നിർവഹിക്കുക. 
കോളേജിന്റെ പൂർണ നിയന്ത്രണം സർക്കാരിനായിരിക്കുമെന്നും സൊസൈറ്റി രൂപീകൃതമാവുന്നതുവരെ ജില്ലാ കലക്ടർ മീർ മുഹമ്മദലി ചെയർമാനായുള്ള മൂന്നംഗ സമിതിയാവും ഭരണം നടത്തുക. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി. രവീന്ദ്രൻ, ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാർ എന്നിവരാണ് ഭരണസമിതി (ബോർഡ് ഓഫ് കൺട്രോൾ) യിലെ മറ്റ് അംഗങ്ങളെന്നും വ്യക്തമാക്കിയിരുന്നു. 
ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ഏറ്റെടുക്കൽ നടപടി, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതാണെന്നും, ശേഖരൻ മിനിയോടനും,  കെ. രവിയും പോയി പകരം മറ്റു രണ്ടുപേർ വരുന്നുവെന്നല്ലാതെ ഒരുമാറ്റവും വരാൻ പോകുന്നില്ലെന്നും സ്ഥാപനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി സമര രംഗത്തുള്ള ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. ഏറ്റെടുക്കലിനു ശേഷം ചികിത്സാ ഫീസ് ഇനത്തിലോ മറ്റേതെങ്കിലും വിഭാഗത്തിലോ ഒരു ഇളവു പോലും പ്രഖ്യാപിച്ചിട്ടില്ലന്നത് ഈ പ്രഖ്യാപനം തട്ടിപ്പാണെന്നതിനു തെളിവാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിയമത്തിന്റെ വഴി തേടുമെന്നും ഡോ. സുരേന്ദ്രനാഥ് പറഞ്ഞു. 
സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ വിദഗ്ധ ചികിത്സ നൽകുകയെന്ന ലക്ഷ്യമിട്ട് ആരംഭിച്ച മെഡിക്കൽ കോളേജ്, സർക്കാർ ഏറ്റെടുത്തുവെന്നു പറയുന്നത് ജനങ്ങളെ വിഡ്ഢിയാക്കലാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ ജില്ലാ കലക്ടർക്കൊപ്പം ഭരണസമിതിയിൽ ഉൾപ്പെടുത്തിയതു തന്നെ സി.പി.എമ്മിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണ്. നിലവിലുള്ള ഭരണ സമിതിയുടെ ധൂർത്തും കെടുകാര്യസ്ഥതയുംമൂലം ഉണ്ടായ ലക്ഷങ്ങളുടെ ബാധ്യത സർക്കാർ തീർക്കുകയും വീണ്ടും ആശുപത്രി ഭരണം സി.പി.എം പ്രവർത്തകരെ തന്നെ ഏൽപ്പിക്കുകയുമാണ് നീക്കത്തിനു പിന്നിലെ ലക്ഷ്യം. സർക്കാർ പ്രഖ്യാപനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ ഏറ്റെടുത്ത ശേഷം ഏന്തൊക്കെ ചികിത്സാ സൗജന്യങ്ങൾ ജനങ്ങൾക്കു നൽകുന്നുവെന്നു വെളിപ്പെടുത്താൻ തയാറാവണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. 


 

Latest News