അടിയന്തര നടപടിക്ക് മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം- മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് രണ്ട് തവണ എലിയുടെ കടിയേറ്റ സംഭവത്തിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി.
പതിനഞ്ചാം വാർഡിൽ ചികിത്സയിൽ കഴിയുന്ന അഞ്ചൽ സ്വദേശി രാജേഷിനാണ് എലിയുടെ കടിയേറ്റത്. കാൽ വിരലുകൾ രണ്ട് തവണ എലി കടിച്ചു മുറിച്ചതായാണ് പരാതി. കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലിൽ എലി കടിച്ചതിന്റെ ചികിത്സക്കിടെയാണ് വെള്ളിയാഴ്ച വീണ്ടും എലി കടിക്കുന്നത്. ഇനിയൊരു രോഗിക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാനും വേണ്ട മുൻകരുതലുകളെടുക്കാൻ മന്ത്രി നിർദേശം നൽകി. സംഭവം നിർഭാഗ്യകരമാണ്. കരാറെടുത്ത ഏജൻസിയെക്കൊണ്ട് എലി, മൂട്ട, മറ്റ് പ്രാണികൾ എന്നിവയെ നശിപ്പിക്കുന്നതിന് അടിയന്തര നടപടിയെടുക്കാനും എലിയുടെ കടിയേറ്റ രോഗിക്ക് ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സകളും നൽകാനും നിർദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലേയും പരിസര പ്രദേശങ്ങളിലേയും ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശവും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബൈക്കപകടത്തിൽ പരിക്കേറ്റ രാജേഷിനെ ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിക്കുന്നത്. പൊട്ടലുള്ള ഇടതുകാലിൽ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയാണ്. ഈ കാലിലാണ് കടിയേറ്റത്. എന്നാൽ മരവിച്ചിരിക്കുന്നതിനാൽ കടിയേറ്റ കാര്യം രാജേഷ് അറിഞ്ഞില്ല. കൂടെയുണ്ടായിരുന്ന അമ്മ ലതിക വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഡോക്ടർമാർ രാജേഷിനെ പരിശോധിച്ച് കുത്തിവെപ്പെടുത്തു. പിന്നീട് ഇരുമ്പ് പ്ലേറ്റ് മാറ്റി പ്ലാസ്റ്റർ ഇട്ടതിന് ശേഷമാണ് വീണ്ടും കടിയേറ്റത്. രണ്ടാം തവണയും ഡോക്ടർമാർ രാജേഷിനെ പരിശോധിച്ച് കുത്തിവെപ്പെടുത്തു.