കോട്ടയം - ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ആലപ്പുഴ കലവൂരില്‍ നിന്നാണ് പ്രതി മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുളളതായി കരുതുന്നു. മുത്തുകുമാറിനെ സഹായിച്ചവരും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയില്‍ ബിന്ദു കുമാറിന്റെ ( 45) മൃതദേഹമാണ് ശനിയാഴ്ച്ച ചങ്ങനാശ്ശേരി എ.സി കോളനിയില്‍ മുത്തുകുമാര്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കോണ്‍ക്രീറ്റ് തറ പൊളിച്ചപ്പോള്‍ കണ്ടെത്തിയത്. മുത്തുകുമാര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് സൂചനയുണ്ടായിരുന്നു.ബിന്ദു കുമാറിനെ 26 മുതലാണ് കാണാതായത്. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വൈകിയും വരാഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. അമ്മ കമലമ്മ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശ്ശേരി വാകത്താനത്ത് തോട്ടില്‍ കണ്ടെത്തിയതോടെ ഇയാള്‍ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.
ബിന്ദുകുമാറിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ് ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി.ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത് വെള്ളിയാഴ്ച രാത്രി പോലീസെത്തി മുത്തുകുമാറിന്റെ വീട് പരിശോധിച്ചു.
വീട്ടിലുണ്ടായിരുന്ന മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ തിണ്ണയിലെ കോണ്‍ക്രീറ്റ് സമീപദിവസങ്ങളില്‍ ഇളക്കി സിമന്റ് ചെയ്തതായി കണ്ടെത്തി. ഇതാണ് മൃതദേഹം ഇതിനുള്ളില്‍ മൂടിയെന്ന സംശയം ഉണ്ടാകാന്‍ കാരണം. 26-ന് ബിന്ദുകുമാര്‍ മുത്തുകുമാറിന്റെ വീട്ടിലെത്തിയെന്നാണ് പോലീസിന് ലഭിച്ച സൂചന.ശനിയാഴ്ച 11.30-ഓടെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. സനല്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം തഹസില്‍ദാര്‍ വിജയസേനന്റെ സാന്നിധ്യത്തില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് പൊളിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.ബി.ജെ.പി. പ്രാദേശിക നേതാവാണ് ബിന്ദുകുമാര്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷണ്‍മുഖന്‍, സജി. മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ്.