Sorry, you need to enable JavaScript to visit this website.

ആസാറാം ബാപുവും  പിണറായിയിലെ കൊലയും

കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അത്യസാധാരണമെന്ന് അടയാളപ്പെടുത്തേണ്ട രണ്ട് സംഭവങ്ങൾ ബുധനാഴ്ച പുറത്തുവന്നു.  യോഗിവര്യനെന്ന് ലോകത്താകെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ആസാറാം ബാപു എന്ന 77കാരന് ശിഷ്ടകാലവും ജയിലിൽ കഴിയണമെന്ന ജോധ്പൂർ കോടതി വിധി.  മകളെയും തന്റെ മാതാപിതാക്കളേയും വിഷം കൊടുത്തു കൊന്നെന്ന പിണറായിയിലെ യുവതിയുടെ വെളിപ്പെടുത്തലും അറസ്റ്റും.കുറ്റവാളികളുടെ പ്രായഭേദത്തിനോ ലിംഗഭേദത്തിനോ ശിക്ഷയ്ക്കു മുമ്പിൽ വകഭേദമില്ല.  സമൂഹത്തിനു മാതൃകയാകത്തക്കവിധം കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തിൽ തർക്കവുമില്ല.
ശിക്ഷിക്കപ്പെട്ട ആൾദൈവം ആസാറാം ബാപുവിന്റെ ചെയ്തികളെപ്പറ്റി വിദേശങ്ങളിൽപോലും  സംവാദമുയർന്നു കഴിഞ്ഞു. ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ ആൾദൈവത്തിന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 19 രാജ്യങ്ങളിൽ നാലുകോടി വിശ്വാസികൾ അദ്ദേഹത്തിനുണ്ട്.  400 ആത്മീയ ആശ്രമങ്ങളും 10,000 കോടി രൂപയുടെ സാമ്പത്തിക സാമ്രാജ്യവും. അതിലേറെ, പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ ബി.ജെ.പിയിലെയും കോൺഗ്രസിലെയും അത്യുന്നത രാഷ്ട്രീയ - ഭരണ നേതാക്കളുടെ ശിഷ്യത്വവും വിശ്വാസ പിൻബലവും മൂലധനമായും. 
എന്നിട്ടും അതിക്രൂരനായ കുറ്റവാളിയായി നീതിപീഠം ആസാറാമിനെ കണ്ടെത്തി. ഇന്ത്യൻ സമൂഹതലത്തിൽ അതുണ്ടാക്കുന്നത് വിസ്മയം മാത്രമല്ല വിശ്വാസ സംഘട്ടനം കൂടിയാണ്.  അതുകൊണ്ടാണ് ദളിതർക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോധ്പൂരിലെ പ്രത്യേക സെഷൻസ് കോടതി അതിന്റെ 453 പേജുള്ള വിധിന്യായത്തിൽ ഇങ്ങനെ എഴുതിയിട്ടുള്ളത്: ഈ ആൾദൈവം നീചവും നികൃഷ്ടവുമായ കുറ്റകൃത്യത്തിലൂടെ തന്റെ ഭക്തരുടെ വിശ്വാസം മാത്രമല്ല സാധാരണ ജനങ്ങൾക്കിടയിൽ യോഗികൾക്കുള്ള മാന്യത കൂടിയാണ് തകർത്തത്. 
ബാപുവിനെപോലെ ശിക്ഷിക്കപ്പെട്ട കുറ്റവാളിയല്ല പിണറായിയിലെ കൂട്ടമരണത്തിലെ ആസൂത്രകയും കൊലയാളിയുമെന്ന് സ്വയം വെളിപ്പെടുത്തി പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന 29കാരി.  തെളിവുകൾ സ്വരുക്കൂട്ടി കുറ്റപത്രം സമർപ്പിക്കാനും അതു സാധൂകരിക്കാനുള്ള നടപടിക്രമം പൂർത്തിയാക്കാനും ഇനിയും സമയമെടുക്കും. അതിനു മുമ്പുതന്നെ മരണപ്പെട്ട രണ്ടു കുട്ടികളുടെ അമ്മയും കൊല്ലപ്പെട്ട അമ്മ-അച്ഛന്മാരുടെ ഇളയമകളുമായ ഈ യുവതിയെ സമൂഹം കൂകിവിളിച്ച് അസഹ്യത വെളിപ്പെടുത്തിക്കഴിഞ്ഞു.
 ഈ പശ്ചാത്തലത്തിൽ സംഭവവുമായി ചേർത്ത് സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട മറ്റൊന്നുണ്ട്.  വ്യക്തികളെന്ന നിലയിൽ രണ്ടുപേരും ചെയ്ത കൊടുംക്രൂരകൃത്യത്തിലേക്ക് ഇവരെ വളർത്തി എത്തിച്ച സാമൂഹിക വ്യവസ്ഥയും അവസ്ഥയും സംബന്ധിച്ച, ഒഴിവാക്കാൻ പറ്റാത്ത പരിശോധനയും വിശകലനവുമാണത്.
തന്റെ രാഷ്ട്രീയ ഉയർച്ചയുടെ ആത്മീയ ഊർജ്ജമായി പ്രധാനമന്ത്രി മോഡി അംഗീകരിച്ചും ആദരിച്ചും പോന്ന ആൾദൈവമാണ് ആസാറാം ബാപു. ഇദ്ദേഹത്തിന്റെ ദുരൂഹമായ ആത്മീയ പശ്ചാത്തലം ബി.ജെ.പിയിലെ മാത്രമല്ല കോൺഗ്രസിലെയും മുഖ്യമന്ത്രിമാരുൾപ്പെട്ടവരുടെ ആത്മീയ ബന്ധങ്ങളുമായി ഇഴചേർന്നതാണ്.  അതിന്റെ മറവിലാണ് ആശ്രമങ്ങൾ ഉയർന്നത്. അതിനകത്തെ ഭക്തിപരിസരത്ത്  മാനഭംഗങ്ങളും പീഡനങ്ങളും കൊലപാതകങ്ങൾപോലും നടന്നത്.  
അതുപോലെ തുലനം ചെയ്യാവുന്ന രാഷ്ട്രീയ - ആത്മീയ പശ്ചാത്തലം പിണറായി സംഭവത്തിനില്ല. എങ്കിലും കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു ചുകപ്പൻ പാർട്ടി ഗ്രാമത്തിലെ സവിശേഷ സാമൂഹിക ഘടനയും പരിതഃസ്ഥിതിയും ഇത്തരം ക്രൂരമായ ഒരു കൊല നടത്തുന്നതിന് എങ്ങനെ വേദിയായി എന്ന് ഗൗരവമായി  പരിശോധിക്കേണ്ടതുണ്ട്.  ഇല്ലെങ്കിൽ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളിൽനിന്ന് രണ്ട് പ്രത്യേകതരം വ്യക്തികളെ പറിച്ചെടുത്ത് പ്രത്യേകം പരിശോധിക്കലാകും ഫലം.  ക്രിമിനൽ കുറ്റത്തിന്റെ സവിശേഷതകളും വ്യക്തികളുടെ സ്വഭാവ വിശേഷവും മാത്രംചേർത്ത് നടത്തുന്ന സംവാദവും വിധിയെഴുത്തുമായി ഇത് ചുരുങ്ങും. 
രണ്ടുപേർക്കും കിട്ടുന്ന ശിക്ഷയോടെ കുറ്റകൃത്യങ്ങളിലേക്ക് വ്യക്തികളെ വളർത്തിക്കൊണ്ടുവന്ന സമൂഹം മാന്യമായി കൈകഴുകി പിന്നോട്ട് മാറിനിൽക്കും.  ഇതുപോലുള്ള മാനസിക സംഘർഷങ്ങൾ അനുനിമിഷം മൂർച്ഛിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ഇതുപോലുള്ള കുറ്റവാളികളും കൃത്യങ്ങളും കൂടുതൽ കൂടുതൽ പ്രത്യക്ഷപ്പെടും. അത് അടയാളപ്പെടുത്തൽ മാത്രമായി സാമൂഹിക വിമർശനം പരിമിതപ്പെടും.
സബർമതി നദിയുടെ തീരത്ത് 1917ൽ ആശ്രമം സ്ഥാപിച്ചുകൊണ്ടാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിന്റെ വിമോചകനും ബാപുജിയുമായി ക്രമേണ മാറുന്നത്. അവിടെനിന്നാണ് ഗാന്ധിജി ദണ്ഡിയാത്ര നടത്തിയതും സത്യാന്വേഷണ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടതും. 
ഗുജറാത്തിലെ അതേ സബർമതി നദിയുടെ തീരത്താണ് 1972ൽ അസുമൽ ഹർപലാനി എന്ന 31കാരൻ ഒരു ആശ്രമം സ്ഥാപിച്ചത്.  ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിന്ധ് മേഖലയിലെ ബർണായി ഗ്രാമത്തിൽനിന്ന് അഹമ്മദാബാദ് നഗരത്തിൽ കുടിയേറിയവരായിരുന്നു ഹർപലാനിയുടെ കുടുംബം. പല ഗുരുക്കളിൽനിന്നും ആധ്യാത്മിക പരിശീലനം നേടി സബർമതി തീരത്തെത്തുകയായിരുന്നു അയാൾ. ഗുരുക്കളിൽ ഒരാളാണ് അസുമൽ ഹർപലാനിക്ക് ആസാറാം എന്ന പേരുനൽകിയത്. 
ഗുജറാത്തിൽനിന്ന് ഉത്തരേന്ത്യയിലേക്ക് ആസാറാമിന്റെ പേരും പ്രശസ്തിയും പടർന്നപ്പോൾ അദ്ദേഹത്തെ തേടി ജനം ഒഴുകിയെത്തി. അക്കൂട്ടത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രമുഖ ഭരണകക്ഷിനേതാക്കളും ഉണ്ടായിരുന്നു.  അവരുടെ  വരവോടെയും സാഷ്ടാംഗപ്രണാമത്തോടെയും ആസാറാം സബർമതി തീരത്തെ ആശ്രമത്തിലെ രണ്ടാമത്തെ ബാപുവായി. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി യെർവാദ  ജയിൽമുതൽ ഇന്ത്യയുടെ വിവിധ ജയിലുകളിൽ ബാപ്പുജി കിടന്നപ്പോൾ തുറന്ന കോടതികളിലാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നത്. ആസാറാം ബാപുവിനെ ശിക്ഷിക്കാൻ ജോധ്പൂർ സെൻട്രൽ ജയിലിൽ ഈച്ച പോലും കടക്കാത്ത സുരക്ഷിതത്വത്തിൽ  കോടതി പ്രവർത്തിക്കേണ്ടിവന്നു.  സ്‌പെഷ്യൽ ജഡ്ജ് മധുസൂദൻ ശർമ്മയ്ക്ക് കനത്ത സുരക്ഷിതത്വത്തിൽ അവിടെയെത്തി വിധി പ്രസ്താവിക്കേണ്ടതായും. ഗുജറാത്തിനു പുറമെ രാജസ്ഥാൻ, ഉത്തരപ്രദേശ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയും പൊലീസ് ജാഗ്രതയും ഏർപ്പെടുത്തേണ്ടിവന്നു.      ആസാറാമിനെതിരെ തെളിവ് നൽകാൻ ധൈര്യപ്പെട്ട ഒമ്പത് സാക്ഷികളിൽ മൂന്നുപേരെ ആൾദൈവത്തിന്റെ അനുയായികൾ ആക്രമിക്കുകയും മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 
2013ലെ സ്വാതന്ത്ര്യദിന രാത്രിയിലാണ് രാജസ്ഥാനിലെ ജോധ്പൂരിലെ തന്റെ ആശ്രമത്തിലാണ് 16 വയസുകാരിയായ പെൺകുട്ടിയെ ആസാറാം ബാപു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ചിന്ത് വാര സ്വദേശികളും ആസാറാമിന്റെ അടുത്ത അനുയായികളും വിശ്വാസികളുമായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ. ചിന്ത് വാരയിൽ ആസാറാമിന്റെ ആശ്രമം സ്ഥാപിച്ചതിന്റെ മുൻകൈപോലും പെൺകുട്ടിയുടെ അച്ഛനായിരുന്നു. കൊച്ചു ബാലികയായപ്പോൾ മുതൽ ബാപുവിനെ വന്ദിച്ച് വളർന്നവളായിരുന്നു ആ പെൺകുട്ടി.  വിശ്വാസത്തിന്റെ പേരിൽ ആധ്യാത്മിക കാര്യങ്ങൾ പഠിപ്പിക്കാൻ ആസാറാമിന്റെ  മധ്യപ്രദേശിലെ വിദ്യാലയത്തിലെ ഹോസ്റ്റലിൽ രക്ഷിതാക്കൾ അവളെ പ്രവേശിപ്പിച്ചതായിരുന്നു. 
പെൺകുട്ടിക്ക് ചില പ്രേതബാധ ഉണ്ടെന്ന് രക്ഷിതാക്കളെ അറിയിക്കുകയും അവളെക്കൂട്ടി രോഗം മാറ്റാൻ ജോധ്പൂരിലെ ആശ്രമത്തിൽ മാതാപിതാക്കൾ ആസാറാം ബാപുവിനെ കാണാനെത്തുകയുമായിരുന്നു. ആസാറാമിന്റെ അടച്ചിട്ട മുറിയിൽ  16കാരിയുടെ പ്രേതബാധ ഒഴിപ്പിക്കുമ്പോൾ ഭക്തിലഹരിയിൽ ആത്മാർത്ഥമായി അച്ഛനും അമ്മയും വാതിലിനു പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു. തന്റെ ലൈംഗിക തൃഷ്ണയ്ക്കു വഴങ്ങിയില്ലെങ്കിൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകില്ലെന്നും സംഭവം പുറത്തറിയിക്കരുതെന്നും ഭീഷണിപ്പെടുത്തിയാണ് 77 വയസുള്ള ആൾദൈവം പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പെൺകുട്ടി പിറ്റേന്നുതന്നെ മാതാപിതാക്കളെ അറിയിച്ചു. അങ്ങനെയാണ് അഞ്ചുവർഷംമുമ്പ് നടന്ന പീഡനകേസിൽ ആദിവാസി പീഡനവിരുദ്ധ നിയമംകൂടി ഉൾപ്പെടുത്തി  മരണംവരെ ആൾദൈവം ജയിലിൽ കിടക്കട്ടെ എന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകട്ടെയെന്നും വിധിച്ചത്. രണ്ടു പ്രതികളെക്കൂടി ആസാറാമിനൊപ്പം 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. രണ്ടുപേരെ വിട്ടയച്ചു.  
2013 സെപ്റ്റംബർ 1നാണ് കോൺഗ്രസ് ഭരണകാലത്ത് ആസാറാമിനെ അറസ്റ്റു ചെയ്തത്. ബലാത്സംഗത്തിനും മറ്റുമായി ഗുജറാത്തിലും മറ്റും വേറെയും കേസുകളുണ്ടായിരുന്നു.  
ഈ ഭൗതിക വളർച്ചയുടെയും രാഷ്ട്രീയ പിൻബലത്തിന്റെയും മീതെ ഭക്തിയുടെയും വിശ്വാസത്തിന്റെയും വൈകാരികത പ്രയോഗിച്ചാണ് ആസാറാം ബാപു ലൈംഗിക ചൂഷണവും പീഡനവും നടത്തിപ്പോന്നത്. സ്വന്തം മകളുടെ അനുഭവം ബോധ്യപ്പെട്ടാണ് ഉറച്ച അനുയായിയും പെൺകുട്ടിയുടെ അച്ഛനുമായ പരാതിക്കാരൻ നീതി തേടിയത്. വിധി വന്നപ്പോൾ സന്തോഷമായെന്നും നീതി കിട്ടിയല്ലോയെന്നും ആശ്വസിച്ചത്. തെരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തിൽ വോട്ടുബാങ്കുകൾ നിർണ്ണായകമാകുമ്പോൾ ആൾദൈവങ്ങളെ രാഷ്ട്രീയനേതാക്കൾ ആശ്രയിക്കുന്നതിന്റെ ദുരന്തങ്ങളിലൊന്നാണ് ആസാറാം ബാപു സംഭവം. 
കഴിഞ്ഞ വർഷം ഹരിയാനയിൽ ഗുർമിത് റാം റഹിം സിംഗിനെ അറസ്റ്റു  ചെയ്തതും 20 വർഷത്തേക്ക് ബലാത്സംഗ കേസിൽ ജയിലിൽ അടച്ചതും ആൾദൈവ പരമ്പരകളിലെ അവസാന സംഭവങ്ങളിലൊന്നാണ്. അമേരിക്കയിലടക്കം വലിയ ആരാധകരും വിശ്വാസികളുമുണ്ടായിരുന്നു 1990ൽ മരണപ്പെട്ട ഭഗവാൻ ശ്രീ രജനീഷിന്. അദ്ദേഹത്തിന്റെ അനുയായികൾ പിന്നീട് അമേരിക്കയിൽ ഭീകരാക്രമണവും കൊലപാതകവും നടത്തുന്നവരായി മാറി. 
വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹത്തിൽ സമാന്തരമായ കുറ്റകൃത്യങ്ങളുടെയും നിയമലംഘനങ്ങളുടെയും സാമ്രാജ്യം സൃഷ്ടിക്കുന്നതിന്റെ പാഠമാണ് ആസാറാമും നൽകുന്നത്.  എന്നിട്ടും സമൂഹം തിരിച്ചറിയുന്നില്ല. തങ്ങളുടെ ബാപുവിനോട് നിയമവും നീതിപീഠവും അന്യായം കാണിച്ചു എന്ന് അദ്ദേഹത്തിന്റെ അനുയായികൾ വിശ്വസിക്കുന്നു, പരാതിപ്പെടുന്നു. ആൾദൈവങ്ങളും അനുയായികളും പെരുകുന്നു. 
 പിണറായിയിലെ കൊലകൾ പെൺക്രൂരതയായോ സ്ത്രീയുടെ ജൈവപ്രകൃതത്തിന്റെ തകർച്ചയായോ സമൂഹത്തിന്റെ അവസ്ഥയുടെ കേവല കാഴ്ചയായോ മാത്രം കണ്ടാൽ പോര. ആധ്യാത്മികതയുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ ക്രൂരമായ ബലാത്സംഗം നടക്കുന്നതു പോലെ മറ്റൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പിണറായിയിലെ സംഭവവും. 
കമ്മ്യൂണിസ്റ്റു പാർട്ടി പിറന്നു വീണ ഗ്രാമം. മൂല്യബോധവും സമസൃഷ്ടിബോധവുമുള്ള തൊഴിലാളിവർഗ നേതാക്കളെ സൃഷ്ടിച്ച സർവ്വകലാശാലകളായിരുന്നു മുമ്പ് പാർട്ടി ഗ്രാമങ്ങളിലെ വീടുകൾ. കാറ്റും വെളിച്ചവും കടക്കാത്ത, മനുഷ്യബന്ധങ്ങളും വികാരങ്ങളുമില്ലാത്ത ലിംഗഭേദമില്ലാതെ കൊലയാളികളെ സൃഷ്ടിക്കുന്ന ഇടങ്ങളായി അവ മാറുന്നതെങ്ങനെ. ആഴത്തിൽ കേരളം പരിശോധിക്കേണ്ട ഒരു അവസ്ഥാ ചിത്രമാണ് പിണറായി ഗ്രാമത്തിൽനിന്ന് പുറത്തുവന്നത്. 
തുടർ മരണങ്ങൾ വാർത്തയായപ്പോൾ പിണറായിക്കാരനായ മുഖ്യമന്ത്രിതന്നെ രണ്ടുതവണ ആ വീട് സന്ദർശിച്ചിരുന്നു. പാർട്ടി പരിവാരങ്ങളും പോയിരിക്കും. ഒരു സ്ത്രീയുടെ കാമാസക്തിയുടെയും അത് വെളിപ്പെടുന്നതിലുള്ള ഉത്ക്കണ്ഠയുടെയും സൃഷ്ടിയായി മാത്രമാണ് ഇപ്പോൾ മന:ശാസ്ത്രജ്ഞരടക്കം സംഭവം വിലയിരുത്തുന്നത്.  
സ്വന്തം വ്യക്തിത്വവും അഭിമാനവും ഉയർത്തിപ്പിടിക്കാനും സുഖജീവിതം ഉറപ്പുവരുത്താനും  മാത്രം ഒരു സ്ത്രീ ഈ വഴി സ്വീകരിച്ചു എന്നു മാത്രമാണോ കേരളം ഇതിൽനിന്നു പഠിക്കേണ്ടത്?
 

Latest News