Sorry, you need to enable JavaScript to visit this website.

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം- സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ചുമതല ഒഴിഞ്ഞ ശേഷമാണ് കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1953 നവംബര്‍ 16ന് കണ്ണൂര്‍ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. കോടിയേരിക്ക് ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.  വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി.
പതിനാറാം വയസ്സില്‍ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരവിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു.

2015ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടിറിയായത്. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2018ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. 2019ലാണ് കോടിയേരിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിച്ചത്.   സി.പി.എം. നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് ാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ മക്കളും ഡോ. അഖില, റിനീറ്റ എന്നിവര്‍ മരുമക്കളുമാണ്.

 

Latest News