Sorry, you need to enable JavaScript to visit this website.

റിയാദില്‍നിന്ന് കാണാതായ മലയാളിയെ ബുറൈദയില്‍ കണ്ടെത്തി

റിയാദ്- സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കാണാതായ മലപ്പുറം അരിപ്ര സ്വദേശി ഹംസത്തലിയെ ബുറൈദയില്‍ കണ്ടെത്തി. ഈ മാസം 14 മുതല്‍  ഹംസത്തലിക്കു വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു. ഹയ്യന്നസീമില്‍ ഇദ്ദേഹം ജോലി ചെയ്യുന്ന ബഖാലയില്‍ നിന്ന് ഉച്ച സമയത്ത് കടയടച്ച്  പുറത്തിറങ്ങിയതിനു ശേഷമാണ് കാണാതായത്.
കഴിഞ്ഞ ദിവസം ഒരു സുഡാനിയുടെ ഫോണില്‍ നിന്ന് ഹംസത്തലി റിയാദിലെ ഒരു സുഹൃത്തിനെ വിളിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരും ഹംസത്തലിയുടെ സഹോദരി ഭര്‍ത്താവ് അഷ്‌റഫ് ഫൈസിയും ചേര്‍ന്ന് ബുറൈദയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  പെട്രോള്‍ പമ്പ്  ജീവനക്കാരനായ സുഡാനിയുടെ ഫോണില്‍നിന്നാണ് ഹംസത്തലി സുഹൃത്തിനെ വിളിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഹംസത്തലി പള്ളിയില്‍ നിന്നിറങ്ങി വരുന്നത് കണ്ട  പെട്രോള്‍ പമ്പിലെ കഫ്തീരിയ ജീവനക്കാരന്‍ സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് വിവരമറിയിച്ചു. അല്‍ ഖസീം സി.ഐ.ഡി ഓഫീസിന്റെ സഹായം തേടിയാണ് ഹംസത്തലിയെ കണ്ടെത്തിയതെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
സാമ്പത്തിക പ്രയാസം മൂലമുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് സ്ഥലം വിട്ട ഹംസത്തലി തന്നെ കൊള്ളസംഘം തട്ടിക്കൊണ്ട് പോയെന്നാണ് ഹംസത്തലി നാട്ടിലേക്ക് ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞിരുന്നത്.

 

Latest News