മലപ്പുറം- മുസ്ലിംലീഗിനെ സ്വീകരിക്കാന്‍ ഇടതുപക്ഷം ഒരുങ്ങുന്നുവെന്ന സൂചന നല്‍കി കെ.ടി.ജലീല്‍ എം.എല്‍.എ. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയില്‍ മുസ്ലിംലീഗും ഇടതുപക്ഷവും കൈകോര്‍ക്കേണ്ടി വരും. ആദ്യം അടവുനയം, പിന്നീട് രഹസ്യധാരണ, ഒടുവില്‍ പ്രത്യക്ഷ സഖ്യമുണ്ടാകുമെന്ന് അദ്ദേഹം യുടോക്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുമായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പോരാട്ടത്തിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കയാണ് കെ.ടി.ജലീല്‍. ഇനി ഏറ്റുമുട്ടല്‍ വേണ്ടെന്ന അഭിപ്രായത്തിന് വഴങ്ങിയെന്നാണ് ജലീല്‍ വ്യക്തമാക്കുന്നത്. രാഷ്ടീയ സാഹചര്യം മാറി, ഇനി കുഞ്ഞാലിക്കുട്ടിയെ അറ്റാക്ക് ചെയ്യില്ല, എന്നെ അറ്റാക്ക് ചെയ്തപ്പോള്‍ ഞാനും തിരിച്ചടിച്ചു. ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു എന്നാണ് ജലീല്‍ വ്യക്തമാക്കുന്നത്.
ഇടതുപക്ഷത്തിന് മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ 1967ല്‍ ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് ഇടതുപക്ഷം തയാറാകുമായിരുന്നില്ല. ലീഗ് ഒരു സമുദായ പാര്‍ട്ടിയാണെന്ന സമീപനം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ആ സമീപനം ഒരളവോളം ശരിയുമാണ്. മുസ്‌ലിം ജനസാമാന്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ലീഗ് നിലനില്‍ക്കുന്നത്-ജലീല്‍ ചൂണ്ടിക്കാട്ടി.
സാമുദായിക രാഷ്ട്രീയവും വര്‍ഗീയരാഷ്ട്രീയവും രണ്ടാണ്. ന്യായമായി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താല്‍പര്യങ്ങളും അവകാശങ്ങളും ഭരണഘടനാനുസൃതമായി പരിരക്ഷിക്കുക എന്നതാണ് ഒരു സാമുദായിക പാര്‍ട്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. ആ നിലക്കാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള മുസ്‌ലിം ലീഗിനെ ഇടതുപക്ഷത്തിന് സഖ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഭാവിയില്‍ അതു സംഭവിച്ചുകൂടായ്കയില്ല. പെട്ടെന്ന് അതു നടന്നുകൊള്ളണമെന്നില്ല. അതിനു കുറച്ചു സമയമെടുക്കുമെന്നും ജലീല്‍ പറഞ്ഞു.
ഇരുചേരികളും ലീഗ് ഇടതുപക്ഷത്ത് ചേരുന്നത് ആഗ്രഹിക്കാത്ത, അതിനു താല്‍പര്യമില്ലാത്ത ആളുകളുണ്ട്. അവര്‍ക്കുകൂടി ബോധ്യമാകുന്ന ഒരു രാഷ്ട്രീയ ചുറ്റുപാട് അധികം വൈകാതെത്തന്നെ ഇന്ത്യയില്‍ രൂപപ്പെട്ടുവരും. അപ്പോള്‍ ബി.ജെ.പി വിരുദ്ധരായ ആളുകള്‍ക്ക് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിവരും. കേരളത്തില്‍ ഇടതുപക്ഷവുമായി മതേതര മനസ്സുള്ളവര്‍ക്കു മുഴുവന്‍ സഹകരിക്കേണ്ടിവരും-കെ.ടി.ജലീല്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ശാശ്വതമായി ശത്രുതയുമായി മുന്നോട്ടുപോകുന്നതിലെ പ്രയാസം എന്റെ പല അഭ്യുദയകാംക്ഷികളും ചൂണ്ടിക്കാണിച്ചു. കാര്യങ്ങള്‍ വ്യക്തിപരമാകേണ്ടെന്നും എന്നാല്‍, അഴിമതി ചെയ്തവരോട് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. അങ്ങനെയാണ്, വ്യക്തിപരമായ അറ്റാക്ക് വേണ്ട എന്നു തീരുമാനിച്ചത്. വ്യക്തിപരമായി എന്നെ ആക്രമിച്ചതുകൊണ്ടാണ് വ്യക്തിപരമായി ഞാനും പ്രത്യാക്രമണത്തിന് ഇറങ്ങിയതെന്നും ജലീല്‍ സൂചിപ്പിച്ചു.
രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും ജലീല്‍ വ്യക്തമാക്കി.