ജിദ്ദ - സൗദിയെ ഇളക്കിമറിച്ച ജിദ്ദയിലെ ഗുസ്തി മത്സരത്തിന് സാക്ഷിയാകാൻ സംഗീതമാന്ത്രികൻ എ.ആർ റഹ്മാനും.
ഒഴിവുദിനത്തിലെ റെക്കോർഡ് ജനക്കൂട്ടത്തെ സാക്ഷി നിർത്തി കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രെയ്റ്റസ്റ്റ് റോയൽ റംബ്‌ളിന് സാക്ഷിയാകാനാണ് റഹ്മാൻ എത്തിയത്. ജോൺസീനയുൾപ്പെടെ വമ്പൻ താരനിര അണിനിരന്ന എന്റർടയ്ൻമെന്റ് ഗുസ്തി കാണാൻ അറുപതിനായിരത്തോളം കാണികളുമുണ്ടായിരുന്നു. ഇന്നലെ ജുമുഅ നമസ്‌കാരശേഷം ഉംറ നിർവഹിച്ച ശേഷമാണ് വൈകിട്ട് എ.ആർ റഹ്മാൻ ജിദ്ദയിലെത്തിയത്. നാളെ അദ്ദേഹം മദീനയിലേക്ക് പോകും.
ട്രിപ്പിൾ എച്ചിനെ തോൽപ്പിച്ച് ജോൺസീന
വൈകിട്ട് ഏഴിനാരംഭിച്ച ആദ്യ പോരാട്ടം തന്നെ കാണികളെ ആവേശക്കൊടുമുടി കയറ്റി. ട്രിപ്പിൾ എച്ചിനെ ജോൺസീന മലർത്തിയടിച്ചു. നിരവധി വർഷങ്ങൾക്കു ശേഷമാണ് ജോൺ സീനയും ട്രിപ്പിൾ എച്ചും കൊമ്പുകോർത്തത്. രണ്ടാമത്തെ പോരാട്ടത്തിൽ കാലിസ്‌തോയെ തോൽപിച്ച് സെഡ്രിക് അലക്‌സാണ്ടർ ഡബ്ല്യു.ഡബ്ല്യു.ഇ ക്രൂയിസ്‌വെയ്റ്റ് ചാമ്പ്യൻഷിപ്പ് നിലനിർത്തി.
ഒഴിഞ്ഞുകിടന്ന ഡബ്ല്യു.ഡബ്ല്യു.ഇ റോ റാഗ് ടീം ചാമ്പ്യൻഷിപ്പിനായി മാറ്റ് ഹാർഡി-ബ്രേ വ്യാറ്റ് കൂട്ടുകെട്ടാണ് അണിനിരന്നത്. ഷീമസിനെ കത്രികപ്പൂട്ടിൽ നിർത്തി ബ്രേ വ്യാറ്റാണ് ആധിപത്യം നേടിയത്. പിന്നീട് മാറ്റ് ഹാർഡിയും വ്യാറ്റും ഒരുമിച്ച് ദ ബാറിനെ തോൽപിച്ചു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടത്തിൽ ജെഫ് ഹാഡിക്ക് ജിൻഡർ മഹൽ വെല്ലുവിളിയേ ആയില്ല.
ഡബ്ല്യു.ഡബ്ല്യു.ഇയും സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റിയും തമ്മിലുള്ള പത്തു വർഷത്തെ കരാറിന്റെ ഭാഗമായി അരങ്ങേറിയ പ്രഥമ റോയൽ റംബ്ൾ സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക മേളകളിലൊന്നായി മാറി. കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പോരാട്ടങ്ങൾ.
നിരവധി പോരാളികൾ രംഗത്തിറങ്ങുന്ന റോയൽ റംബിളാണ് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. 50 പേർ അണിനിരന്ന ഈ പോരാട്ടം ഡബ്ല്യു.ഡബ്ല്യു.ഇയുടെ ചരിത്രത്തിലാദ്യമാണ്. ഡാനിയേൽ ബ്രയാൻ, ബ്രോൺ സ്‌ട്രോമാൻ, കെയ്ൻ, ബിഗ് ഷോ, കുർട് ആംഗിൾ, ബാരോൺ കോർബിൻ, ക്രിസ് ജെറിക്കൊ, ബിഗ് ഇ, സേവിയർ വുഡ്‌സ്, കോഫി കിംഗ്സ്റ്റൺ, ഷെൽടൺ ബെഞ്ചമിൻ, സിൻ കാര, ഏലിയാസ്, ചാഡ് ഗാബ്ൾ, ഗോൾഡസ്റ്റ്, അപോളൊ, ടൈറ്റസ് ഒനീൽ, മോജൊ റൗളി, ഡോൾഫ് സിഗ്‌ളർ തുടങ്ങിയവരും മത്സരത്തിൽ അണിനിരന്നു.
ഒരു പതിറ്റാണ്ടിനിടയിലാദ്യമായി അണ്ടർടെയ്ക്കർ പങ്കെടുക്കുന്ന കാസ്‌കെറ്റ് മത്സരമാണ് മറ്റൊരു പ്രത്യേകത. മേൽക്കുരയിൽ കെട്ടിത്തൂക്കിയ കിരീടത്തിനായി നാലു പേർ പൊരുതിയ ലാഡർ മത്സരവും റോയൽ റംബിളിലെ ആകർഷകമായ ഇനമായി.