പത്തനംതിട്ട- അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഡോക്ടറുടെ അനാസ്ഥയാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പുത്തനമ്പലം ഐവര്‍കാല വെസ്റ്റ് നോര്‍ത്ത് വിഷ്ണു ഭവനില്‍ വിനീത് രേഷ്മ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. വിനീത് നല്‍കിയ പരാതിയില്‍ അടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറും. ബുധനാഴ്ച വൈകിട്ടാണ് പ്രസവത്തിനായി രേഷ്മ യെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍ അപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. രാത്രിയില്‍ രേഷ്മക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിറ്റേ ദിവസം രാവിലെ അനക്കകുറവുണ്ടെന്ന് രേഷ്മ നഴ്‌സുമാരെ അറിയിച്ചിരുന്നു.
സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്ടര്‍ സുചേത പുറത്തുപോയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ എത്തിയതെന്നും രേഷ്മയുടെ ഭര്‍ത്താവ് വിനീത് ആരോപിച്ചു. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത് .