ജിദ്ദ- ഇന്ത്യൻ സംഗീതത്തിന് ആഗോള യശസ്സ് നേടിക്കൊടുത്ത മാന്ത്രികപ്രതിഭ എ.ആർ. റഹ്മാൻ മക്കയിലെത്തി. ജുമുഅ നമസ്‌കാരശേഷം ഉംറ നിർവഹിച്ച അദ്ദേഹം നാളെ മദീനാ സിയാറത്തിനു പോകും. ഇന്നലെ കാലത്ത് 8.45 ന് ചെന്നൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലെത്തിയ റഹ്മാനെ ജിദ്ദ തമിഴ്‌സംഘം സാരഥി സിറാജ് സ്വീകരിച്ചു മക്കയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തനിച്ചാണ് അദ്ദേഹം നാട്ടിൽ നിന്ന് ഉംറക്കായി എത്തിയത്. കഴിഞ്ഞ നവംബറിൽ അമേരിക്കയിൽനിന്ന് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ റഹ്മാൻ സഹായിയോടൊപ്പം ജിദ്ദയിലിറങ്ങുകയും മക്കയിലെത്തി ഉംറ നിർവഹിക്കുകയും ചെയ്തിരുന്നു. 2004 ലും 2010 ലും സകുടുംബം ഹജ് കർമവും നിർവഹിച്ചു.
നടി ശ്രീദേവിക്ക് മരണാനന്തര പുരസ്‌കാരം ലഭിച്ച മോം, മണിരത്‌നം സംവിധാനം ചെയ്ത കാറ്റ് വെളിയിടൈ എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിനുൾപ്പെടെ അര ഡസൻ ദേശീയ അവാർഡുകൾ ഇക്കഴിഞ്ഞ ഏപ്രിൽ 13 ന് റഹ്മാനെത്തേടിയെത്തിയിരുന്നു. അടുത്ത് റിലീസ് ചെയ്യുന്ന ഇംഗ്ലീഷ് പടത്തിന്റെ പിന്നണി ജോലികളുടെ തിരക്കിനിടെയാണ് റഹ്മാൻ ഉംറ നിർവഹിക്കാനെത്തിയത്. മദീനാ സിയാറത്തിനു ശേഷം ചെന്നൈയിലേക്ക് മടങ്ങും.