തിരുവനന്തപുരം- കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹരജി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ കോടതി. കേട്ടുകേള്‍വിയുടെ പേരിലാണോ ഹരജി എന്ന് കോടതി ജ്യോതികുമാറിനോട് ചോദിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്.
വി. സി. നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹരജി തുടര്‍വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ 22ലേക്ക് മാറ്റി. കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. എ. ഷാജി ഹാജരായി.
വി. സി. നിയമനത്തിനായി മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചാമക്കാല ഹര്‍ജി നല്‍കിയത്. വി. സി. നിയമനത്തില്‍ അപാകതയില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കാര്യം ഡി. ജി. പി കോടതിയെ അറിയിക്കും. അതേസമയം, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ചാമക്കാല കത്ത് നല്‍കിയിരുന്നു.