റിയാദ് - ഗാർഹിക തൊഴിലാളികൾക്ക് കൃത്യസമയത്ത് പൂർണ വേതനം ലഭിക്കുന്നത് ഉറപ്പുവരുത്തുന്ന സാലറി പ്രീപെയ്ഡ് കാർഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നതായി അൽവതൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. തൊഴിലാളികൾക്ക് കാർഡ് ലഭ്യമാക്കൽ നിർബന്ധമല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറയുമ്പോൾ ഇത് നിർബന്ധമാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കുന്നു. ഗാർഹിക തൊഴിലാളികൾക്ക് ബാങ്കുകളുമായി സഹകരിച്ച് തൊഴിലുടമകൾ സാലറി പ്രീപെയ്ഡ് കാർഡുകൾ നൽകൽ നിർബന്ധമാണെന്ന് ആദ്യം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്ന് മന്ത്രാലയം പിന്നീട് പിന്നോക്കംപോയി. ഇത് പാലിക്കാത്തവർക്ക് പിഴ ചുമത്തില്ലെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യുന്നതിനുള്ള പ്രീപെയ്ഡ് കാർഡ് പദ്ധതി തൊഴിലുടമകൾക്ക് പാലിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്കുള്ള വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആറു മാസം മുമ്പാണ് വേലക്കാർക്കുള്ള സാലറി പ്രീപെയ്ഡ് കാർഡ് പദ്ധതി മന്ത്രാലയം പ്രഖ്യാപിച്ചത്.
അതേസമയം, സൗദിയിലുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും സാലറി പ്രീപെയ്ഡ് കാർഡുകൾ നൽകലും മുസാനിദ് പോർട്ടൽ വഴി തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യലും നിർബന്ധമാണെന്ന് പോർട്ടൽ വ്യക്തമാക്കുന്നു. സാലറി പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ച് ഗാർഹിക തൊഴിലാളികൾക്ക് എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയും പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി പർച്ചേയ്‌സിംഗുകളുടെ പണം അടക്കുകയും ചെയ്യാവുന്നതാണ്. സാലറി പ്രീപെയ്ഡ് കാർഡ് നൽകുന്നതിന് ഒരു വർഷത്തേക്ക് 94.5 റിയാലാണ് ബാങ്കുകൾ ഈടാക്കുന്നത്. കാർഡുകൾ തപാൽ മാർഗം എത്തിക്കുന്നതിന് 21 റിയാലും ഈടാക്കും. നഷ്ടപ്പെട്ട കാർഡിനു പകരം ബദൽ കാർഡ് ഇഷ്യു ചെയ്യുന്നതിന് 52.5 റിയാൽ ഫീസ് ഈടാക്കും. മാസത്തിൽ നാലു തവണ പോയിന്റ് ഓഫ് സെയിലുകൾ വഴി പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ച് പ്രത്യേക ഫീസില്ലാതെ പെയ്‌മെന്റ് നടത്തുന്നതിന് സാധിക്കും. ഇതിനു ശേഷമുള്ള പെയ്‌മെന്റുകൾക്ക് 2.10 റിയാൽ വീതം പ്രത്യേക ഫീസ് നൽകേണ്ടിവരും. മാസത്തിൽ നാലു തവണ അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നതിനും പ്രത്യേക ഫീസില്ല. ഇതിനു ശേഷം ബാലൻസ് പരിശോധിക്കുന്നതിന് ഓരോ തവണയും 0.84 റിയാൽ ഫീസ് നൽകേണ്ടിവരും.