കോഴിക്കോട് - പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ.മുനീര്‍ എം.എല്‍.എ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധം കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. പുതുതലമുറയെ ഇത്തരം സംഘടനകള്‍ വഴിതെറ്റിക്കുകയാണ്. വാളെടുക്കണമെന്ന് പറയുന്നവര്‍ ഏത് ഇസ്‌ലാമിന്റെ ആള്‍ക്കാരാണ്. ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടേണ്ടതുണ്ട്.
സമുദായത്തിന്റെ അട്ടിപ്പേറവകാശം പോപ്പുലര്‍ ഫ്രണ്ടിന് ആരാണ് കൊടുത്തിട്ടുള്ളത്. അവര്‍ കോഴിക്കോട് നടത്തിയ പ്രസംഗം കേട്ടിട്ടില്ല. ദുര്‍വ്യാഖ്യാനം ചെയ്ത പ്രസംഗവുമാണത്. വാളെടുക്കുവാനാണ് അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവര്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും എം.കെ. മുനീര്‍ ചോദിച്ചു.
ഇവിടത്തെ എല്ലാ മുസ്‌ലിം സംഘടനകളും തീവ്രവാദത്തെ എന്നും എതിര്‍ക്കുന്നവരാണ്. പെട്ടെന്നൊരു ദിവസം വന്നവര്‍ ഖുര്‍ആന്‍ വ്യാഖ്യാനം ചെയ്ത് ഇതാണ് ഇസ്‌ലാമിന്റെ പാതയെന്ന് പറയുകയാണ്. ഏത് ഇസ്‌ലാമാണ് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കുവാന്‍ കൊച്ചുകുട്ടികളെ പ്രേരിപ്പിക്കുന്നത്.
തീവ്രവാദം നശിക്കട്ടെയെന്നാണ് പ്രവാചകന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥം തന്നെ സമാധാനം എന്നാണ്. ഒരു സമുദായത്തിലെ തീവ്രവാദ പ്രവൃത്തികളുമായി വരുന്നവരെ ആ സമുദായത്തില്‍ിന്നും തന്നെയുള്ളവരാണ് പ്രതിരോധിക്കേണ്ടത്. ആ ബാധ്യതയാണ് ഞങ്ങള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.