റിയാദ് - ആണവ പദാർഥങ്ങളോ റേഡിയോ ആക്ടീവ് പദാർഥങ്ങളോ കവരുകയും തട്ടിയെടുക്കുകയും തട്ടിപ്പുകളിലൂടെ കൈക്കലാക്കുകയും ചെയ്യുന്നവർക്ക് പത്തു വർഷം വരെ തടവും മൂന്നു കോടി റിയാൽ വരെ പിഴയും ചുമത്തുന്നതിന് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ആണവ നിരീക്ഷണ നിയമം വ്യവസ്ഥ ചെയ്യുന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ആണവ നിരീക്ഷണ അതോറിറ്റി നിയമങ്ങൾ ലംഘിക്കുന്നവർക്കും വ്യാജ വിവരങ്ങൾ സമർപ്പിക്കുന്നവർക്കും ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും രണ്ടു കോടി റിയാൽ വരെ പിഴ ലഭിക്കും. ആണവ നിരീക്ഷണ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കേണ്ട ചുമതല പബ്ലിക് പ്രോസിക്യൂഷനാണ്.
ആണവ നിരീക്ഷണ അതോറിറ്റി ലൈസൻസില്ലാതെ ആണവ മേഖലയിൽ പ്രവർത്തിക്കൽ, അതോറിറ്റി നിർദേശങ്ങളും തീരുമാനങ്ങളും പാലിക്കാതിരിക്കൽ, അതോറിറ്റിക്ക് വ്യാജ വിവരങ്ങളും കബളിപ്പിക്കുന്ന വിവരങ്ങളും സമർപ്പിക്കൽ, ലൈസൻസ് വ്യവസ്ഥകൾക്കും അതോറിറ്റി നിയമങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നീ കുറ്റങ്ങൾക്ക് രണ്ടു കോടി റിയാലാണ് പിഴ ലഭിക്കുക.
ലൈസൻസില്ലാതെ ആണവ പദാർഥങ്ങൾ സ്വീകരിക്കൽ, കൈവശം വെക്കൽ, ഉപയോഗിക്കൽ, നീക്കം ചെയ്യൽ, ആണവ പദാർഥങ്ങളിൽ മാറ്റം വരുത്തൽ, ക്രയവിക്രയം ചെയ്യൽ എന്നിവ മൂലം ആർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ വസ്തുവകകൾക്കും പരിസ്ഥിതിക്കും വലിയ തോതിൽ കോട്ടം സംഭവിക്കുകയോ ചെയ്യൽ, മനുഷ്യനും പരിസ്ഥിതിക്കും ഹാനിയുണ്ടാകുന്ന നിലക്ക് ആണവ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കൽ, ആണവ പദാർഥങ്ങൾ കവരൽ, തട്ടിപ്പിലൂടെ കൈക്കലാക്കൽ, നിയമ വിരുദ്ധ മാർഗങ്ങളിലൂടെ ആണവ പദാർഥങ്ങൾ വിദേശത്തു നിന്ന് സൗദിയിലേക്കോ തിരിച്ചോ നീക്കം ചെയ്യൽ, ആണവ വികിരണത്തിലൂടെ ജീവഹാനിയോ ഗുരുതരമായ പരിക്കോ വസ്തുവകകൾക്കും പരിസ്ഥിതിക്കും കോട്ടംതട്ടുകയോ ചെയ്യുന്ന നിലക്ക് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തൽ, ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ ആണവ പദാർഥങ്ങൾ സംഘടിപ്പിക്കുന്നതിന് ശ്രമിക്കൽ-ഉപയോഗിക്കൽ, ആളപായത്തിനും പരിക്കിനും കാരണമാവുകയും വസ്തുവകകൾക്കും പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുകയും ചെയ്യുന്ന നിലക്ക് ആണവ പദാർഥങ്ങളും റേഡിയോ ആക്ടീവ് പദാർഥങ്ങളും ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾക്ക് പത്തു വർഷം തടവും മൂന്നു കോടി റിയാൽ പിഴയും ലഭിക്കും.