ജിദ്ദ - സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രധാനമന്ത്രി. രാജാക്കന്മാര്‍ തന്നെ പ്രധാനമന്ത്രിപദം വഹിച്ചുവരുന്ന കീഴ്‌വഴക്കം മാറ്റിയാണ് കിരീടാവകാശിയെ പ്രധാനമന്ത്രി പദവിയില്‍ നിയമിച്ചത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പങ്കെടുക്കുന്ന മന്ത്രിസഭാ യോഗങ്ങള്‍ തുടര്‍ന്നും രാജാവിന്റെ അധ്യക്ഷതയിലാണ് ചേരുക.
പ്രതിരോധ മന്ത്രിയായി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചിട്ടുണ്ട്. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇതുവരെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പദവിയാണ് വഹിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല ഇതുവരെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ബുനയ്യാനെ നിയമിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രതിരോധ മന്ത്രിയായി ത്വലാല്‍ അല്‍ഉതൈബിയെയും നിയമിച്ചു. മറ്റു സുപ്രധാന വകുപ്പുകള്‍ കൈയാളുന്ന മന്ത്രിമാരുടെ പദവികളില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.
ഊര്‍ജ മന്ത്രി പദവിയില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിദേശ മന്ത്രി പദവിയില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ആഭ്യന്തര മന്ത്രി പദവിയില്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും നാഷണല്‍ ഗാര്‍ഡ് മന്ത്രി പദവിയില്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരനും ധനമന്ത്രി പദവിയില്‍ മുഹമ്മദ് അല്‍ജദ്ആനും മാനവശേഷി, സാമൂഹിക വികസന മന്ത്രി പദവിയില്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയും ഹജ്, ഉംറ മന്ത്രി പദവിയില്‍ ഡോ. തൗഫീഖ് അല്‍റബീഅയും തുടരും.
ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍ (സഹമന്ത്രി), തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ (സഹമന്ത്രി), അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ (സ്‌പോര്‍ട്‌സ് മന്ത്രി), ബദ്ര്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ (സാംസ്‌കാരിക മന്ത്രി), ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് (സഹമന്ത്രി), ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് (ഇസ്‌ലാമികകാര്യ മന്ത്രി), ഡോ. വലീദ് അല്‍സ്വംആനി (നീതിന്യായ മന്ത്രി), ഡോ. മുതലബ് അല്‍നഫീസ (സഹമന്ത്രി), ഡോ. മുസാഅദ് അല്‍ഈബാന്‍ (സഹമന്ത്രി), ഡോ. ഇബ്രാഹിം അല്‍അസ്സാഫ് (സഹമന്ത്രി), ഡോ. ഉസാം ബിന്‍ സഅദ് (ശൂറാകാര്യ സഹമന്ത്രി), ഡോ. മാജിദ് അല്‍ഖസബി (വാണിജ്യ മന്ത്രി, ആക്ടിംഗ് മീഡിയ മന്ത്രി), മുഹമ്മദ് ആലുശൈഖ് (സഹമന്ത്രി), എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി (പരിസ്ഥിതി, ജല, കൃഷി മന്ത്രി), ഖാലിദ് അല്‍ഈസ (സഹമന്ത്രി), ആദില്‍ അല്‍ജുബൈര്‍ (വിദേശകാര്യ സഹമന്ത്രി), മാജിദ് അല്‍ഹുഖൈല്‍ (മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി), എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ (കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രി), ഡോ. ഹമദ് ആലുശൈഖ് (സഹമന്ത്രി), ബന്ദര്‍ അല്‍ഖുറൈഫ് (വ്യവസായ, ധാതുവിഭവ മന്ത്രി), എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ (ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് മന്ത്രി), അഹ്മദ് അല്‍ഖതീബ് (ടൂറിസം മന്ത്രി), എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് (നിക്ഷേപ മന്ത്രി), ഫൈസല്‍ അല്‍ഇബ്രാഹിം (സാമ്പത്തിക, ആസൂത്രണ മന്ത്രി), ഫഹദ് അല്‍ജലാജില്‍ (ആരോഗ്യ മന്ത്രി) എന്നിവരാണ് മന്ത്രിസഭയിലെ മറ്റു അംഗങ്ങള്‍.