Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെ ബാങ്കുകളില്‍ 48645 കോടിയുടെ നിക്ഷേപം; പ്രവാസികളുടേത് 13641 കോടി

മലപ്പുറത്ത് ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ലാന്‍ഡ് അക്വസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ലത ഉദ്ഘാടനം ചെയ്യുന്നു,

മലപ്പുറം-ജില്ലയിലെ ബാങ്കുകളില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ (ജൂണ്‍ പാദം) 48645 കോടി രൂപയുടെ നിക്ഷേപമുള്ളതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. 13641 കോടി പ്രവാസി നിക്ഷേപമാണ്. പ്രവാസി നിക്ഷേപത്തിലും ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്. 12335 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ (മാര്‍ച്ച്) പ്രവാസി നിക്ഷേപം. ജില്ലയിലെ മൊത്തം വായ്പ 30344 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 597 കോടി രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍ 3524 കോടിയും മറ്റു വിഭാഗങ്ങളില്‍ 1945 കോടിയും വായ്പ നല്‍കിയിട്ടുണ്ട്. വാര്‍ഷിക ക്രെഡിറ്റ് പ്ലാനില്‍ 33 ശതമാനം ജില്ലയിലെ ബാങ്കുകള്‍ക്ക് നേടാനായതായും യോഗം വിലയിരുത്തി. സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി നടപ്പാക്കുന്ന സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ഖാദി, വ്യവസായ വകുപ്പുകള്‍ സംയോജിച്ച് വിജയമാക്കാനുള്ള ശ്രമങ്ങളും ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. എസ്‌സി, എസ്ടി വനിതകള്‍ തുടങ്ങിയവരുടെ മുന്നേറ്റത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിക്കും പ്രോത്സാഹനം നല്‍കണമെന്നും, മുദ്ര, പിഎം ഇജിപി തുടങ്ങിയ പദ്ധതികളിലൂടെ തുടക്കക്കാരായ സംരംഭകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അര്‍ഹരായ മറ്റെല്ലാ യൂണിറ്റുകള്‍ക്കും ആവശ്യമായ ധനസഹായം ബാങ്കുകള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട വഴിയോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജീവിപ്പിക്കുന്നതിനായി കേന്ദ സര്‍ക്കാര്‍  ആവിഷ്‌കരിച്ച സ്വനിധി പദ്ധതിയിലേക്ക് വരുന്ന അര്‍ഹമായ വായ്പാ അപേക്ഷകള്‍  പരിഗണിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ ബാങ്കിംഗ്, സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി എഫ്.എല്‍.സി പ്രധാന പങ്കു വഹിക്കുന്നതായും വേങ്ങര, പൊന്നാനി, നിലമ്പൂര്‍, താനൂര്‍, തിരൂരങ്ങാടി, പെരുമ്പടപ്പ്, കുറ്റിപ്പുറം, കാളികാവ്, വണ്ടൂര്‍ ബ്ലോക്കുകളിലെ സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാരുടെ(സി.എഫ്.എല്‍) സേവനം ബാങ്കുകളും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും പരമാവധി ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില്‍ നടന്ന അവലോകന സമിതി യോഗം ലാന്‍ഡ് അക്വസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ലത ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി.പി. ജിതേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ആര്‍ബിഐ എല്‍.ഡി.ഒ പ്രദീപ് മാധവ്്, നബാര്‍ഡ് ഡിഡിഎം മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എജിഎം എം.ശ്രീവിദ്യ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

 

 

Latest News