Sorry, you need to enable JavaScript to visit this website.

വേണം, സ്ത്രീകൾക്ക് നിർഭയത്വം

കതുവ സംഭവത്തെ തുടർന്ന് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുമെന്ന നിയമം നിർമിക്കപ്പെട്ടിരിക്കുന്നു. ദൽഹിയിലെ കുപ്രസിദ്ധമായ സംഭവത്തെ തുടർന്നുമുണ്ടായി നിയമ നിർമാണം. പക്ഷേ രാജ്യത്ത് സ്ത്രീപീഡനം വർധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ രംഗത്ത് സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്ന നടപടികളാണ് അനിവാര്യം.

ദൽഹിയിലെ ആവേശഭരിതരായ മാധ്യമ പ്രവർത്തകർ അന്ന് തഹ്‌രീർ ചത്വരമെന്നാണ് ഇന്ത്യാ ഗേറ്റിനേയും രാജ്പഥിനേയും വിശേഷിപ്പിച്ചത്. നിർഭയ കേസിനെത്തുടർന്ന് ഇളകി മറിയുകയായിരുന്നു രാജ്യം. രാജ്യത്തെ നിയമ സംവിധാനത്തിന്റെ ദൗർബല്യങ്ങളെക്കുറിച്ചും ഇന്ദ്രപ്രസ്ഥത്തിന്റെ നിസ്സംഗ ഭാവങ്ങളെക്കുറിച്ചുമുള്ള ഇരുണ്ട ചിത്രങ്ങളാണ് ദൽഹി സംഭവം ഇന്ത്യക്ക് നൽകിയത്. ദൽഹിയിലെ രാജവീഥികളിൽ യുവ ഇന്ത്യ, പ്രതിഷേധത്താൽ തിളക്കുന്ന ചോരയുമായി മുഷ്ടികൾ ചുരുട്ടി ആകാശത്തേക്കെറിയുമ്പോഴും അതേ നഗരത്തിൽ വീണ്ടും വീണ്ടും സ്ത്രീകൾ ഇരകളാവുന്ന അക്രമങ്ങളും പീഡനങ്ങളും ശമനമില്ലാതെ തുടരുന്നു എന്നും നാം അറിയുന്നു. 
കതുവയിൽ എട്ട് വയസ്സുകാരിയുടെ ദാരുണാന്ത്യം ഇന്ത്യൻ മനസ്സിനെ യഥാർഥത്തിൽ പൊള്ളിച്ചു. സ്ത്രീയെന്നതു മാത്രമല്ല, ഒരു കുട്ടിയെന്നതും രാജ്യത്തിന് താങ്ങാവുന്നതിനപ്പുറമായി. മൗനത്താൽ എല്ലാം മറയ്ക്കാമെന്ന് കരുതുന്ന നമ്മുടെ പ്രധാനമന്ത്രി ന്യൂയോർക്ക് ടൈംസിന്റെ കോളങ്ങളിൽ പോലും അപമാനിതനായി. സ്ത്രീകൾക്ക് രക്ഷയില്ലാത്ത രാജ്യമെന്ന പ്രതീതി ലോകമെങ്ങും പരന്നു.
ദൽഹി സംഭവത്തെ തുടർന്ന് വിക്ഷോഭവും വികാരത്തള്ളിച്ചയും അർഥശൂന്യമായ ആവശ്യങ്ങൾ മുന്നോട്ടു വെക്കാൻ യുവാക്കളെ പ്രേരിപ്പിച്ചു. പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ നരാധമന്മാരെ പൊതുസ്ഥലത്ത് തൂക്കിലേറ്റണമെന്ന് ചിലർ ആവശ്യപ്പെട്ടപ്പോൾ ഓരോരോ അവയവങ്ങളായി വെട്ടിനുറുക്കി കൊല്ലണമെന്നാണ് മറ്റു ചിലർ പറഞ്ഞത്. ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിൽ അസാധ്യമായ ശിക്ഷാവിധികളാണ് ഇവയെന്ന് അറിയാതെയല്ല ഈ ആവശ്യങ്ങൾ ഉയരുന്നത്, മറിച്ച് നമ്മുടെ ശിക്ഷാ സമ്പ്രദായങ്ങളിലും നീതിന്യായ സംവിധാനങ്ങളിലും ജനങ്ങൾക്കുള്ള അവിശ്വാസവും അരക്ഷിതാവസ്ഥയുമാണ് ഇതിലൂടെ പ്രതിഫലിച്ചത്. 
ഇത്തവണ പക്ഷേ സർക്കാരിന് അനങ്ങാതിരിക്കാൻ ആവുമായിരുന്നില്ല. വനിതാക്ഷേമ മന്ത്രി മനേകാ ഗാന്ധി തന്നെ രംഗത്തു വന്നു. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി വനിതാ   കമ്മീഷൻ അധ്യക്ഷ ഇതേ ആവശ്യവുമായി നിരാഹാരമിരുന്നു. ഒടുവിൽ അത് യാഥാർഥ്യമായി. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചുകൊല്ലുന്നവർക്ക് വധശിക്ഷയെന്ന നിർദേശവുമായിറങ്ങിയ ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിട്ടു.
ദൽഹി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താനുള്ള നിരവധി പ്രായോഗിക നടപടികൾ നിർദേശിക്കപ്പെട്ടിരുന്നു. നിയമം കൂടുതൽ കർശനവും ശക്തവുമാക്കുക. ലൈംഗികാതിക്രമ കേസുകളിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുക, നീതി ഉറപ്പാക്കുന്നതിൽ കാലവിളംബം ഒഴിവാക്കുക, നിയമ സംവിധാനവും പ്രക്രിയയും കൂടുതൽ പ്രതികരണ ക്ഷമമാക്കുക, പോലീസ് സംവിധാനത്തിൽ അടിയന്തരമായ അഴിച്ചുപണി നടത്തുക എന്നിങ്ങനെ വിവിധ നിർദേശങ്ങൾ ഉണ്ടായി. ചില നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഒന്നും ഫലം ചെയ്തില്ലെന്ന് ദിനംപ്രതി പത്രകോളങ്ങൾ തെളിയിക്കുന്നു. 
അടിയന്തരമായും ഫലപ്രദമായും നടപ്പാക്കാവുന്ന ഒരു നിർദേശം അന്നും പലരും മുന്നോട്ടു വെച്ചിരുന്നു. അത് വനിതാ പോലീസിംഗ് ശക്തിപ്പെടുത്തുകയും കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ്. വനിതാ സൈനികർക്ക് ജനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം പകരാനും സുരക്ഷയെക്കുറിച്ച ശുഭാപ്തി ഉണ്ടാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര തലത്തിൽ ഇത്തരം പരീക്ഷണങ്ങൾ ഫലപ്രദമായി നടപ്പാക്കി വിജയിപ്പിച്ചിട്ടുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാലതിന് ഇനിയും നമ്മുടെ നാട്ടിൽ മുൻകൈയുണ്ടായിട്ടില്ല.
2004 ൽ ഐക്യരാഷ്ട്ര സമാധാന സേന മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ യു.എൻ തന്നെ ഇത്തരമൊരു പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയിരുന്നു. പെൺകുട്ടികൾക്ക് പണവും ഭക്ഷണവും, പകരം ഞങ്ങൾക്ക് സെക്‌സ്.. ഇതായിരുന്നു ഈ രാജ്യങ്ങളിൽ സൈനികരുടെ വില പേശൽ തന്ത്രം. നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ സൈനികരുടെ ലൈംഗിക ചൂഷണത്തിനിരയായി. 2005 ൽ ലൈബീരിയയിൽ മാത്രം 47 സമാധാന സൈനികർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുകയുണ്ടായി. ലോകത്ത് ഏറ്റവുമധികം ലൈംഗിക കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന രാജ്യമായിരുന്നു ലൈബീരിയ. ഏറ്റവും കൂടുതൽ ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യം. 
2007 ൽ പക്ഷേ ലൈബീരിയയും ഐക്യരാഷ്ട്ര സഭയും ചരിത്രം കുറിച്ചു. തലസ്ഥാനമായ മോൺട്രോവിയയിൽ പുതുതായി 103 യു.എൻ സമാധാന സൈനികർ വന്നിറങ്ങി. എല്ലാം ഇന്ത്യൻ വനിതകൾ. ബ്ലൂ ഹെൽമെറ്റ്‌സ് എന്നറിയപ്പെട്ട ഈ സൈനിക നിര, ലൈബീരിയൻ പ്രസിഡന്റിന്റെ കൊട്ടാരം മുതൽ കുറ്റകൃത്യങ്ങൾ പതിയിരിക്കുന്ന ഇരുണ്ട തെരുവുകളിൽ വരെ ജാഗ്രതയോടെ കാവൽ നിന്നു. അത്യന്താധുനിക ആയുധങ്ങളിലും പോരാട്ട മുറകളിലും വിദഗ്ധ പരിശീലനം ലഭിച്ച ഈ പെൺപട, ലൈബീരിയയിലെ കുറ്റവാളികൾക്ക് പേടിസ്വപ്‌നമാവുക മാത്രമല്ല, അവിടത്തെ സ്ത്രീകളിൽ മുൻപെങ്ങുമില്ലാത്ത ആത്മവിശ്വാസവും സുരക്ഷാബോധവും പ്രദാനം ചെയ്യുകയുമുണ്ടായി. 
സായുധ കൊള്ള ദിനംപ്രതി അരങ്ങേറിയിരുന്ന ലൈബീരിയയിൽ അത്തരം കുറ്റകൃത്യങ്ങൾ 65 ശതമാനം കണ്ട് കുറഞ്ഞതായാണ് കണക്ക്. അതേക്കാളുപരി തദ്ദേശവാസികളായ സ്ത്രീകളിലും കുട്ടികളിലുമുണ്ടായ മാറ്റമാണ് അത്ഭുതാവഹമായതെന്ന് രാജ്യാന്തര നിരീക്ഷകർ പറയുന്നു. സമാധാന സേനയെ അധിനിവേശകരായി കാണുന്ന രീതി തന്നെ മാറി. ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധാരണക്കാരായ സ്ത്രീകൾ പോലും രംഗത്തു വന്നു. പരാതി പറയാൻ ചെല്ലുന്ന സ്ഥലത്തും തങ്ങൾ പീഡനങ്ങൾക്കും അപമാനത്തിനും ഇരയാകുമെന്ന ഭീതി അവരെ ഒഴിഞ്ഞുപോയി. നിങ്ങൾക്ക് ഞങ്ങളെ വിശ്വസിക്കാം എന്ന ലളിതമായ സന്ദേശമാണ് വനിതാ സൈനികർ ലൈബീരിയയിലെ സ്ത്രീകൾക്ക് നൽകിയത്.
ഒരു സ്ത്രീ ഏറ്റവുമധികം ഭയക്കുന്നത് മരണത്തെയല്ല, ലൈംഗികാതിക്രമത്തെയാണെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. നമ്മുടെ മൂല്യ വ്യവസ്ഥകളും സദാചാര സങ്കൽപങ്ങളും സ്ത്രീകളിലുണ്ടാക്കിയ ഒരു മാനസികാവസ്ഥയാണത്. ലൈംഗികമായി അവമതിക്കപ്പെടുന്നത് മരണത്തേക്കാൾ ക്രൂരവും കഠിനവുമായാണ് അവർ കാണുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നവർ പ്രത്യേകമായി മനസ്സിലാക്കേണ്ട വസ്തുതയാണിതെന്ന് മനഃശാസ്ത്ര വിദഗ്ധർ ഓർമിപ്പിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകളെ അക്രമങ്ങളിൽനിന്ന് രക്ഷിക്കുകയെന്നതിലുപരി അവരിൽ ആത്മവിശ്വാസം വളർത്തുന്ന നടപടി വേണമെന്ന് പലരും ആവശ്യപ്പെടുന്നത്. നമ്മുടെ പോലീസ് സംവിധാനത്തെപ്പോലും നിർഭയം സമീപിക്കാനും ആശ്രയിക്കാനും സ്ത്രീകൾക്ക് മടിയാണ്. തനിച്ച് ഒരു പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലാനും പരാതി പറയാനുമുള്ള തന്റേടം ഇന്നും ഇന്ത്യൻ സ്ത്രീകൾ ആർജിച്ചിട്ടില്ല. പുരുഷ കേന്ദ്രീകൃതമായ ഒരു അധികാര വ്യവസ്ഥയിൽ തന്റെ മാനാഭിമാനത്തിന് എവിടെയും ക്ഷതമേൽക്കാമെന്ന ഭീതി അവരിൽ രൂഢമൂലമാണ്. ഈയവസ്ഥക്കാണ് യഥാർഥത്തിൽ മാറ്റം വരേണ്ടത്. 
പരിഹസിക്കപ്പെടുമെന്നും വീണ്ടും അപമാനിക്കപ്പെടുമെന്നുമുള്ള ഭീതിയില്ലാതെ സ്ത്രീകൾക്ക് നിർഭയം കടന്നുവരാനും പരാതി എന്തായാലും അത് തുറന്നു പറയാനും കഴിയുന്ന സംവിധാനമാണ് നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ടത്. പോലീസ് സ്റ്റേഷനുകളിൽ ഒരു പോലീസുകാരിയെ മാത്രം നിയോഗിച്ചതുകൊണ്ട് ഇത് സാധ്യമാകില്ല. തെളിവുകൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഫോറൻസിക് രംഗത്തും വിദഗ്ധരായ കൂടുതൽ വനിതകളുടെ സേവനം ഉറപ്പു വരുത്തണം. ഇത്തരം സ്‌പെഷലിസ്റ്റ് ജോലികൾക്ക് തയാറായി നിരവധി പെൺകുട്ടികൾ മുന്നോട്ടു വരുമ്പോഴും ഭരണ വർഗം അത്തരം മാറ്റങ്ങൾക്കായി അറച്ചുനിൽക്കുകയാണെന്നതാണ് വാസ്തവം.
നിലവിലെ കണക്കുകളനുസരിച്ച് ദൽഹി പോലീസിൽ എട്ട് ശതമാനം മാത്രമാണ് വനിതാ സാന്നിധ്യം. അവരിൽ പലരും വനിതാ വി.ഐ.പികളുടെ സംരക്ഷണത്തിനോ, പുരുഷ വി.ഐപിമാരുടെ ഭാര്യമാരുടെ സംരക്ഷണത്തിനോ ഒക്കെയായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അല്ലെങ്കിൽ കൺട്രോൾ റൂമുകളിൽ ഫോണുകൾക്ക് മുന്നിലാണ് അവരുടെ ജോലി. ക്രമസമാധാന, സുരക്ഷാ ചുമതലകൾ അവർക്ക് നൽകുന്നതിൽ എപ്പോഴും പോലീസ് സംവിധാനം മടികാണിക്കുന്നു. 
രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്ന ദൽഹിയിലാണ് ഇന്നും പോലീസ് സംവിധാനം അപര്യാപ്തമായി തുടരുന്നത് എന്നത് അത്ഭുതകരമാണ്. നിയമ രംഗത്ത് പ്രതീക്ഷിക്കപ്പെടുന്ന അഴിച്ചുപണികളോടൊപ്പം സുരക്ഷാ രംഗത്ത് സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്ന ഇത്തരം നടപടികൾ കൂടി ഉണ്ടായാലേ സ്ത്രീകൾക്ക് നിർഭയം ജീവിക്കാനാകൂ.
 

Latest News