നാലു ദിവസം നീണ്ട യാത്രയെ മനോഹരവും അവിസ്മരണീയവുമാാക്കിയ ഒരു കൊച്ചു സംഘത്തോടൊപ്പം ജോര്‍ജിയയിലെ ഗോറിയിലെത്തിയപ്പോള്‍ സാമാന്യം നല്ല മഴ. കയറി നില്‍ക്കാന്‍ ഇടം കിട്ടിയതാകട്ടെ ഉരുക്കുമനുഷ്യനെന്ന പേരില്‍ ചരിത്രത്തില്‍ ദേശീയ നായകനായും പ്രതിനായകനായും ഇടം പിടിച്ച ജോസഫ് സ്റ്റാലിന്‍ ജനിച്ചുവളര്‍ന്ന വീട്. ജോര്‍ജിയന്‍ സര്‍ക്കാര്‍ സംരക്ഷിച്ചുപോരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടും അതോടൊപ്പം മനോഹരമായി ഒരുക്കിയ ഉദ്യാനവും സ്റ്റാലിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും ഉള്‍ക്കൊള്ളുന്ന മ്യൂസിയവുമാണ് ഗോറിയിലെ ഏറ്റവും വലിയ കാഴ്ച.
അമേരിക്കയോട് ഒട്ടിനിന്നു കൊണ്ടുള്ള നാറ്റോ പ്രവേശനവും നാറ്റോ അംഗത്വവും ആഗ്രഹിക്കുന്ന ജോര്‍ജിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും റഷ്യയോടുള്ള കലിപ്പ് അവസാനിച്ചിട്ടില്ല. സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം 1991 ല്‍ സ്വതന്ത്ര രാജ്യമായി മാറിയ ജോര്‍ജിയയില്‍ യു.എസിനുള്ള രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം അയല്‍ രാജ്യമായ റഷ്യക്ക് എപ്പോഴും തലവേദനക്കുള്ള വിഷയമാണ്.
ജോര്‍ജിയന്‍ പ്രദേശങ്ങളായിരുന്ന അബ്ഖാസിയയേയും സൗത്ത് ഒസേഷ്യയേയും വിഘടിപ്പിക്കുന്നതില്‍ റഷ്യന്‍ സൈന്യം വഹിച്ച പങ്കും ഇപ്പോള്‍ ഉക്രൈനില്‍ കാണുന്ന അധിനിവേശവും ജോര്‍ജിയക്കാര്‍ക്ക് റഷ്യയോടുള്ള രോഷം വര്‍ധിപ്പിക്കുന്നു. തലസ്ഥാനമായ തിബ്‌ലീസിയില്‍ന്ന് റഷ്യയിലേക്കുള്ള പ്രധാന ഹൈവേയില്‍ പകല്‍ സമയങ്ങളില്‍ ധാരാളം ട്രക്കുകള്‍ നിര്‍ത്തിയിട്ടത് കാണാം. പല കാര്യങ്ങളിലും റഷ്യയെ ആശ്രയിക്കാന്‍ ജോര്‍ജിയ നിര്‍ബന്ധിതമാണ്.
മനോഹരമായി സംവിധാനിച്ച സ്റ്റാലിന്‍ മ്യൂസിയം മുന്നില്‍വെച്ച് സ്വദേശികളോട് ചോദിച്ചപ്പോള്‍ അദ്ദേഹം വലിയ മനുഷ്യനായിരുന്നുവെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ ജന്മസ്ഥലമായ ജോര്‍ജിയയെ സോവിയറ്റ് നുകത്തിലെത്തിച്ചതില്‍ അവര്‍ക്ക് അദ്ദേഹത്തോട് തീരാത്ത രോഷവുമുണ്ടെന്ന് മനസ്സിലായി. അവര്‍ക്കു മാത്രമല്ല, സ്വേഛാധിപതിയായി മാറിയതിനു പിന്നാലെ സ്വന്തം പാര്‍ട്ടിക്കാരെ കൊന്നൊടുക്കിയ സ്റ്റാലിനോട് കമ്യൂണിസ്റ്റുകാര്‍ക്കുതന്നെയും പ്രതിപത്തിയില്ല. പിന്നാലെ വന്നവരുടെ ഡിസ്റ്റാലിനൈസേഷന്‍ അതാണ് അടിവരയിടുന്നത്.
സാമന്ത രാജ്യങ്ങളായി തുടരണമെന്ന് റഷ്യ ആഗ്രഹിക്കുന്ന മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍നിന്നും റഷ്യയില്‍നിന്ന് തന്നെയും ധാരാളം സന്ദര്‍ശകര്‍ ഗോറിയടക്കമുള്ള ജോര്‍ജിയന്‍ പ്രദേശങ്ങള്‍ കാണാനെത്തുന്നുണ്ട്. റോഡ് മാര്‍ഗമെത്തിയ ഈ രാജ്യങ്ങളുടെ രജിസ്‌ട്രേഷനുള്ള ധാരളം വാഹനങ്ങള്‍ ജോര്‍ജിയയില്‍ കാണാം.
ടൂറിസത്തിനു വലിയ പ്രാധാന്യമാണ് ജോര്‍ജിയ നല്‍കുന്നതെന്ന് തിബ്‌ലീസിയിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ ബോധ്യപ്പെടും. മൊബൈല്‍ കമ്പനികളുടെ പേരുകളേക്കാള്‍ വലിയ അക്ഷരത്തില്‍ ഫ്രീ സിം ബോര്‍ഡുകളും കറന്‍സി മാറ്റാന്‍ കമ്മീഷനില്ലെന്ന് അറിയിക്കുന്ന ഡിസ്പ്‌ളേകളും ഫൈവ് സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ പരസ്യങ്ങളും എയര്‍പോര്‍ട്ടിലുണ്ട്. കറന്‍സി മാറ്റാന്‍ എയര്‍പോര്‍ട്ട് ഒഴിവാക്കി നഗരത്തിലെ മറ്റ് എക്‌സ്‌ചേഞ്ചുകള്‍ ആശ്രയിക്കുന്നതാണ് ലാഭമെന്ന് അനുഭവം.
നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി എന്‍ട്രി നല്‍കുന്ന ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റുകള്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. ജോര്‍ജിയക്കാര്‍ക്ക് ടൂറിസ്റ്റുകള്‍ ദൈവം നല്‍കിയ സമ്മാനമാണ്. റഫ്രിജറേറ്ററുകളില്‍ ഒട്ടിക്കാന്‍ ലഭിക്കുന്ന മാഗ്‌നെറ്റ് മുതല്‍ ഒട്ടേറെ പരമ്പരാഗത ഉല്‍പന്നങ്ങളുമായാണ് അവര്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മിനിറ്റുകള്‍ കൊണ്ട് ഇത്തരം മാഗനറ്റുകളില്‍ നമ്മുടെ തന്നെ ചിത്രം പ്രിന്റ് ചെയ്തു തരികയും ചെയ്യും. വൈനുകളും തേനും അതുപോലെ പരമ്പരാഗത ചോക്ക്‌ളേറ്റകളും ജൈവ പച്ചക്കറികളും പഴങ്ങളും ചെറുതും വലുതുമായ കടകളിലും തെരുവോരങ്ങളിലുമുണ്ട്.
സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭ്യമായതിനാല്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള സ്വദേശികളും വിദേശികളും ധാരളമായി ജോര്‍ജിയയിലേക്ക് വിമാനം കയറുന്നു.
ജിദ്ദയിലെ യൂത്ത് ഇന്ത്യ ട്രാവലേഴ്‌സ് ക്ലബാണ് 18 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തിന്റെ യാത്ര സംഘടിപ്പിച്ചത്. ജിദ്ദയില്‍നിന്ന് ഫ്‌ളൈ നാസ് വിമാനം തിബ്‌ലീസിയിലെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ജി.സി.സി പൗരന്മാരെ മാത്രമല്ല, മലയാളികളടക്കമുള്ള ധാരാളം പ്രവാസികളേയും കാണാന്‍ സാധിച്ചു. യു.എ.ഇയില്‍നിന്നും ഖത്തറില്‍നിന്നുമൊക്കെ എത്തിയ മലയാളി കുടുംബങ്ങള്‍.
അവധി ദിനങ്ങള്‍ നാട്ടിലേക്ക് പോകാന്‍ മാത്രമുള്ളതാണെന്ന കാലങ്ങളായുള്ള ധാരണയിലെ തിരുത്താണോ താരതമ്യേന ചെലുവ കുറഞ്ഞതാണോ ഇങ്ങോട്ട് കൂടുതല്‍ പ്രവാസികള ആകര്‍ഷിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. അതേസമയം, ഇഖാമയും പാസ്‌പോര്‍ട്ടുമുണ്ടെങ്കില്‍ രണ്ടോ മൂന്നോ മിനിറ്റിനകം എന്‍ട്രി നേടി എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നത് ആകര്‍ഷകമാണ്. ജി.സി.സി രാജ്യങ്ങളുടെ മൂന്ന് മാസ കാലാവധിയുള്ള ഇഖാമയും ആറു മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മാത്രമാണ് നിബന്ധന. ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഹോട്ടല്‍ ബുക്കിംഗും ഇഖാമയുടെ ഇംഗ്ലീഷ് തര്‍ജമയും ചെലവിനുള്ള ജോര്‍ജിയന്‍ ലാറി അല്ലെങ്കില്‍ ബാങ്ക് കാര്‍ഡ് തുടങ്ങിയവയും നിബന്ധനകളാണെങ്കിലും കണിശമായ പരിശോധന തിബ്‌ലീസി എയര്‍പോര്‍ട്ടില്‍ കണ്ടില്ല. ഇഖാമയുടെ കാലാവധി വ്യക്തമാക്കുന്ന ഇഖാമ തര്‍ജമയും ഹോട്ടല്‍ ബുക്കിംഗും ജിദ്ദയില്‍നിന്ന് കയറുമ്പോള്‍ തന്നെ വിമാന കമ്പനി ഉറപ്പുവരുത്തും. വിസ കിട്ടാതെ റിജക്ട് ആയാല്‍ യാത്രക്കാരെ തിരികെ കൊണ്ടുവരേണ്ടത് എയര്‍ലൈനുകളുടെ ബാധ്യതയാണല്ലോ.
പര്‍വതനിരകളും പ്രകൃതി ഭംഗിയും ക്രിസ്തുമതത്തിന്റെ അത്രതന്നെ പഴക്കമുള്ള ദേവാലയങ്ങളും കോട്ടകളുമൊക്കെയാണ് ജോര്‍ജിയയില്‍ കാണാനുള്ളത്. സാഹസികര്‍ക്ക് അനുയോജ്യമായ അനേകം സാധ്യതകളും. മൂന്ന് രാത്രികളും നാല് പകലുകളും മാത്രമുള്ള ഹ്രസ്വ പാക്കേജായതിനാല്‍ കിഴക്കന്‍ ജോര്‍ജിയയിലുള്ള തലസ്ഥാനമായ തിബ്‌ലീസിയില്‍ തങ്ങി ചുറ്റുമുള്ള പ്രദേശങ്ങള്‍ കാണുന്നതിനായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ മുന്‍ഗണന.
റോഡ് മാര്‍ഗം എട്ടും പത്തും മണിക്കൂറുകള്‍ നീളുന്ന യാത്ര വേണ്ടിവരുന്നതിനാല്‍ ഇത്രയും ദിവസങ്ങള്‍ കൊണ്ട് ജോര്‍ജിയയിലെ എല്ലാ ടൂറിസ്റ്റ് സ്‌പോട്ടുകളിലും എത്താന്‍ കഴിയില്ല. രണ്ടാഴ്ചയെങ്കിലും തങ്ങിയാല്‍ മാത്രമേ ജോര്‍ജിയന്‍ കാഴ്ചകള്‍ പൂര്‍ണമാകൂ.
പുരാതന വാസ്തുവിദ്യാ കെട്ടിടങ്ങളോടൊപ്പം ആധുനിക കെട്ടികളും തല ഉയര്‍ത്തിനില്‍ക്കുന്ന നഗരമാണ് തിബ്‌ലീസി. പഴയ സിറ്റിയും നിര്‍മിതികളുടെ പ്രത്യേകതകളാല്‍ ആകര്‍ഷിക്കുന്നു. പാരമ്പര്യം ഇഴ ചേര്‍ന്ന ധാരാളം മനോഹര കാഴ്ചകള്‍ തിബ്‌ലീസി തന്നെ സമ്മാനിക്കുന്നുണ്ട്. പുരാതന ദേവാലയങ്ങളാണ് മറ്റൊരു കാഴ്ച. ജനങ്ങളില്‍ ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനാണ് ഏറ്റവും സ്വാധീനം. റഷ്യന്‍ ഓര്‍ത്തഡോക്‌സുകളും മുസ്ലിംകളും കത്തോലിക്കരും ജൂത മതക്കാരും ജോര്‍ജിയന്‍ ജനതയിലുണ്ട്.
മദര്‍ ഓഫ് ജോര്‍ജിയ സ്തൂപം, ബ്രിഡ്ജ് ഓഫ് പീസ്, നാരികാല കോട്ട, ഏറ്റവും വലിയ ദേവാലയമായ ട്രിനിറ്റി ചര്‍ച്ച് തുടങ്ങിയവ സന്ദര്‍ശിച്ച ശേഷം നഗരദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുള്ള കേബിള്‍ കാര്‍ യാത്രയായിരുന്നു ആദ്യ ദിവസം. വിശാല പ്രദേശത്തുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡനും കണ്ടു.
രണ്ടാം ദിവസം കസ്‌ബേഗി യാത്ര ആയിരുന്നു. കാക്കസസ് പര്‍വത നിരകളും ഗുദൗരി മലനിരകളും അനനൂരി കോട്ടയും അവിസ്മരണീയ കാഴ്ചകളാണ് സമ്മാനിച്ചത്.
മൂന്നാം ദിവസം ജോര്‍ജിയയുടെ പഴയ തലസ്ഥാനമായ മെറ്റ്‌സ്‌ഖേറ്റയും ജവാരി മൊണാസ്ട്രിയും സ്റ്റാലിന്റെ ജന്മനാടായ ഗോറിയുമായിരുന്നു കാഴ്ചകള്‍. നാലാദിവസം ഉച്ചയോടെ ജിദ്ദയിലേക്ക് മടങ്ങുന്നതിനു മുമ്പ് ശില്‍പങ്ങളുടെ കലവറയെന്നു പറയാവുന്ന ക്രോണിക്കിള്‍ ഓഫ് ജോര്‍ജിയയും തിബ്‌ലീസി നദിയെന്നു വിളിക്കുന്ന അരുവിയുമാണ് മനം കവര്‍ന്നത്. വിശാലമായ പ്രദേശത്ത് ഒരുക്കുന്ന ക്രോണിക്കിള്‍ ഓഫ് ജോര്‍ജിയയില്‍ ശില്‍പങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇവിടെനിന്ന് താഴോട്ട് നോക്കിയാല്‍ നഗരം മനോഹര കാഴ്ചയൊരുക്കുകയും ചെയ്യുന്നു.
മനം കവര്‍ന്ന കൊച്ചു കുട്ടികളായ ഇഷാനും ഷെന്നുമോളുമടക്കം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു കുടുംബം പോലെ ആയി മാറിയ ഞങ്ങള്‍ ജോര്‍ജിയയുടെ സൗന്ദര്യത്തോടൊപ്പം സൗഹൃദത്തിന്റെ മനോഹാരിത കൂടി ആസ്വദിച്ചാണ് ജിദ്ദയില്‍ വിമാനമിറങ്ങയത്.
അമ്മയ്‌ക്കൊരു
സമ്മാനം
പിറന്നാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊരു സമ്മാനം നല്‍കി സന്തോഷിപ്പിക്കുന്നതിന് പണം കണ്ടെത്താന്‍ ഗിത്താറുമായി പാടുകയാണ് ജോര്‍ജിയന്‍ യുവാവ്. കമിതാക്കള്‍ തങ്ങളുടെ പേരേഴുതിയ പൂട്ടുകള്‍ പൂട്ടിയ ശേഷം താക്കോല്‍ നദിയിലേക്ക് വലിച്ചെറിയുന്ന ലൗ ലോക്ക് ബ്രിഡ്ജിനു സമിപമാണ് തന്റെ ആവശ്യം വെള്ളക്കടലാസിലെഴുതിവെച്ചുകൊണ്ടുള്ള ഗിത്താര്‍ വായന. ചിലരൊക്കെ നാണയത്തുട്ടുകള്‍ ഇട്ടുകൊടുക്കുന്നുണ്ട്. തിബ്്‌ലീസിനഗരത്തിന്റെ എല്ലാ ഭാഗത്തും ഇതുപോലെ സ്പീക്കറും ഗിത്താറും വെച്ച് യാചന നടത്തന്നുവരുണ്ട്. പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും.
അതിമനോഹരമായ മറ്റാറ്റ്‌സ്മിന്‍ഡ പാര്‍ക്കില്‍ ചെന്നപ്പോള്‍ അവിടെ വയോധികനായ ഒരു ചിത്രകാരന്‍ മിനിറ്റുകള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചുകൊടുക്കുന്നു. യൂറോപ്പില്‍ പലയിടത്തും തന്റെ പ്രശസ്തമായ ചിത്രങ്ങളുണ്ടെന്ന് അവകാശപ്പെടന്ന ഗ്രിഗോറി അന്നത്തിനുളള വക കണ്ടെത്താനാണ് തണുപ്പിനോട് മല്ലിട്ട് പാര്‍ക്കില്‍ കാത്തിരിക്കുന്നത്.
കാലിനു പരിക്കേറ്റ യുവതിയുമായി പുരാതന ചര്‍ച്ചില്‍ സംഭാവന പിരിക്കുന്ന കുടുംബവും അതുപോലെ യാചനയിലേര്‍പ്പെട്ട ധാരാളം പേര്‍ നഗരക്കാഴ്ചയിലുണ്ട്. കിടപ്പറയിലെ സ്‌നേഹപ്രകടനങ്ങള്‍ അരങ്ങേറുന്ന പാര്‍ക്കുകളില്‍ ആരും അവ ശ്രദ്ധിക്കുന്നില്ലെങ്കിലും അല്‍പ വസ്ത്രത്തിന് ദേവലായങ്ങളില്‍ വിലക്കുണ്ട്. ചര്‍ച്ചുകളിലെ ഡ്രസ് കോഡില്‍ ശിരോവസ്ത്രം നിര്‍ബന്ധമാണ്. ധരിക്കാത്തവര്‍ അവിടെയുള്ള കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍നിന്നെടുത്ത് ധരിച്ചുവേണം ചര്‍ച്ചില്‍ പ്രവേശിക്കാന്‍.
വൈന്‍ കച്ചവടം ഉള്‍പ്പെടെ എല്ലാ വ്യാപാര മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തമാണ് കൂടുതല്‍. പുരുഷന്മാര്‍ വേറെ ജോലി ചെയ്യുന്നുണ്ടെന്നാണ് ഒരു കച്ചവടക്കാരിയോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി.
അലഞ്ഞുതിരിയുന്ന പട്ടികള്‍ തിബ്്‌ലീസിയിലും ചുറ്റുമുളള പ്രദേശങ്ങളിലും പതിവു കാഴ്ചയാണ്. പല ഇനങ്ങളിലുള്ള ഇത്തരം നായകള്‍ക്ക് വാക്‌സിനേഷന്‍ നടത്തി ചെവിയില്‍ സീല്‍ പതിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്കയകറ്റിയുണ്ട്. ശാന്തശീലക്കാരായ ഇത്തരം പട്ടികളെ അരുമയോടെ തടവുന്ന ടൂറിസ്റ്റുകളേയും കാണാം.
ഇന്ത്യന്‍ ഭക്ഷണ ശാലകളും മെഡിക്കല്‍ പഠനത്തിനെത്തി ഇത്തരം റെസ്‌റ്റോറന്റുകളില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളും ജോര്‍ജിയയില്‍ ധാരാളമുണ്ട്. എല്ലാ റെസ്‌റ്റോറന്റുകളിലും വൈന്‍ അവശ്യവസ്തുവാണെങ്കിലും ഇന്ത്യന്‍ ഭക്ഷണത്തിനു പകരം ജോര്‍ജിയന്‍ പ്രാദേശിക ഭക്ഷണം പരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ സംഘം മുന്‍ഗണന നല്‍കിയത്. കഴുത്തറപ്പന്‍ വിലയില്ലാതെ ജോര്‍ജിയന്‍ ഫുഡ് ലഭിക്കുകയും ചെയ്യും.