മട്ടന്നൂർ - മട്ടന്നൂർ ജുമാ മസ്ജിദ് കോംപ്ലക്‌സ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയെയും മറ്റൊരു ലീഗ് നേതാവായ യു.മഹ്‌റുഫ്, കോൺഗ്രസ് നേതാവ് എം.സി കുഞ്ഞഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മട്ടന്നൂർ മഹല്ല് ജുമാ മസ്ജിദ് നിർമാണത്തിലും ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം. പള്ളി കമ്മിറ്റി ഭാരവാഹിയായിരുന്ന മട്ടന്നൂർ നെടുവോട്ടു കുന്നിലെ പി.എം.ശമീറാണ് പരാതി നൽകിയത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയും ടെണ്ടർ നടപടികളില്ലാതെയുമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പരാതി. അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അഴിമതി നടത്താൻ വേണ്ടിയാണ് വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പ്രതി ചേർക്കപ്പെട്ട മൂന്ന് പേർക്കും ജില്ലാ കോടതി മുൻകൂർ ജാമ്യമനുവദിച്ചിരുന്നു.